ജിദ്ദ-ശനിയാഴ്ച പുലര്‍ച്ചെ സൗദി അറേബ്യയുടെ ആകാശത്തിലൂടെ കടന്നുപോയ പ്രകാശരേഖയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങള്‍. ബഹിരാകാശത്ത് അതിവേഗത്തില്‍ ട്രെയിന്‍ രൂപത്തില്‍ സഞ്ചരിച്ച പ്രകാശത്തിന്റെ നേര്‍രേഖ വിചിത്ര ബഹിരാകാശ വസ്തുവാണെന്നാണ് പലരുടെയും അഭിപ്രായം.
ശനിയാഴ്ച പുലര്‍ച്ചെയാണ് സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങള്‍ ആകാശം കടന്നതെന്നും നിരവധി പ്രദേശങ്ങളില്‍ നിന്ന് ഇത് കാണപ്പെട്ടുവെന്നും പ്രമുഖ സൗദി ഗോളശാസ്ത്രജ്ഞന്‍ ഖാലിദ് അല്‍സആഖ് വിശദീകരിച്ചു.
സൗദി അറേബ്യയുടെ ആകാശത്ത് ശനിയാഴ്ച പുലര്‍ച്ചെ ഏറ്റവും പുതിയ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നിരീക്ഷിച്ചതായി ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിനിയര്‍ മാജിദ് അബുസഹ്‌റ പറഞ്ഞു. തെളിച്ചമുള്ളതും തിളക്കമുള്ളതുമായ ബിന്ദുക്കളായി നേര്‍രേഖയില്‍ സഞ്ചരിച്ച ഇവയെ നിരീക്ഷിച്ച പലരും ഇത് അന്യഗ്രഹ ജീവികളാണെന്നാണ് കരുതിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് സ്‌പേസ് എക്‌സ് സ്റ്റാര്‍ലിങ്ക് 48 ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ആഗോള വ്യാപകമായി ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിലൂടെ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ കഴിവുള്ള അതിവേഗ ശൃംഖല സാധ്യമാക്കുകയെന്നതാണ് സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ലക്ഷ്യം. ഇതിന് പതിനായിരം ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനിയുടെ പക്ഷം. എന്നാല്‍ ഈ ഉപഗ്രഹങ്ങളുടെ പ്രകാശം ആകാശത്തില്‍ കാണപ്പെടുന്നത് കാരണം ജ്യോതിശാസ്ത്രജ്ഞര്‍ അസന്തുഷ്ടരാണ്. ആധുനിക ജ്യോതിശാസ്ത്ര ഗവേഷണത്തിന് വളരെ പ്രധാനപ്പെട്ട ആഴത്തിലുള്ള ആകാശ നിരീക്ഷണങ്ങളെ ഈ പ്രകാശം ബാധിക്കുമെന്നതാണ് കാരണം. നിലവിലെ ഉല്‍പ്പാദന നിരക്കും വിക്ഷേപണ നിരക്കും കണക്കിലെടുക്കുമ്പോള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകം മുഴുവന്‍ കവര്‍ ചെയ്യുമെന്നും ഈ പദ്ധതി പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിവര്‍ഷം 30 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ ലാഭം ലഭിക്കുമെന്നും ഇത് വഴി കമ്പനിയുടെ സ്റ്റാര്‍ഷിപ്പ്, ചൊവ്വ പ്രോഗ്രാമുകള്‍ക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റുമുള്ള താഴ്ന്ന ഭ്രമണപഥത്തിലായതിനാല്‍ അവ അത്ഭുതകരമായ കാഴ്ചയാണ് അവതരിപ്പിക്കുന്നത്. രാത്രി ആകാശത്ത് തിളങ്ങുന്ന രേഖകളോടെ ഒരു തീവണ്ടി പോലെ കാണപ്പെടുന്നു. നഗ്‌നനേത്രങ്ങള്‍ കൊണ്ട് എവിടെ വെച്ചും കാണാന്‍ കഴിയും. മാജിദ് അബുസഹ്‌റ പറഞ്ഞു.
أقمار ستار لنك الفضائية تعبر السماء فجر هذا اليوم السبت وتشاهد من عدة مناطق
— د.خالد صالح الزعاق (@dralzaaq) July 8, 2023
*مقطع متداول pic.twitter.com/ifpOcMJIU2