Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശിനെതിരെ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് ജയം; മിന്നുവിന് ആദ്യ വിക്കറ്റ്

മിര്‍പുര്‍- ഇന്ത്യ- ബംഗ്ലാദേശ് ടി- 20യില്‍ ആദ്യ ജയം ഇന്ത്യയ്ക്ക്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴു വിക്കറ്റിനാണ് ജയം നേടിയത്. ദേശീയ വനിതാ ടീമില്‍ ഇടംനേടിയ ആദ്യ മലയാളി താരം വയനാട്ടുകാരി മിന്നുമണി കന്നിവിക്കറ്റും സ്വന്തമാക്കി. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ 22 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.  മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് മിന്നു ഒരു വിക്കറ്റ് നേടിയത്. ആദ്യ മത്സരത്തിലെ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയുടെ വിക്കറ്റാണ് നേടിയത്. സ്‌ക്വയര്‍ ലെഗില്‍ ജമീമ റോഡ്രിഗ്‌സസ് ഷമീമ 13 പന്തില്‍ 17 റണ്‍സെടുത്ത ഷമീമയെ കൈയ്യിലൊതുക്കുകയായിരുന്നു. മിന്നു നേടിയ വിക്കറ്റാണ് ഇന്ത്യന്‍ ടീമിന് വഴിത്തിരിവായത്. 

മിന്നുവിനെ കൂടാതെ പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ എന്നിവരും ഓരോ വിക്കറ്റ് നേടി. ബംഗ്ലാദേശിന്റെ രണ്ടു ബാറ്റര്‍മാര്‍ റണ്ണൗട്ടായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മ റണ്‍സെടുക്കാതെയും വണ്‍ഡൗണ്‍ ബാറ്റര്‍ ജമീമ റോഡ്രിഗ്‌സ് 11 റണ്‍സിനും പുറത്തായെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയും (34 പന്തില്‍ 38) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (35 പന്തില്‍ പുറത്താകാതെ 54) 22 പന്ത് ബാക്കി നില്‍ക്കെ ആധികാരിക ജയം നേടുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ യത്സിക ഭാട്ടിയ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍മന്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Latest News