കൊച്ചി- സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലേസ് ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) ആണ് കോടനാട് പോലീസിന്റെ പിടിയിലായത്.
മെയ് ആറിന് കോടനാടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങള്‍ മുറിയിലെ അലമാരിയിലായിരുന്നു സൂക്ഷിച്ചത്. അവിടെ നിന്നാണ് റംസിയ മോഷണം നടന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ നേര്യമംഗലം, പെരുമ്പാവൂര്‍ എന്നിവടങ്ങളിലെ ജ്വല്ലറി, ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും പോലീസ് കണ്ടെടുത്തു.
നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്. ഐ പി. ജെ. കുര്യാക്കോസ്, എ. എസ്. ഐ ശിവദാസ്, എസ്. സി. പി. ഒ സെബാസ്റ്റ്യന്‍, സി. പി. ഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.