മലപ്പുറം- മാറ്റങ്ങള്‍ വരുത്തിയാല്‍ കെ റെയില്‍ പദ്ധതിയാകാമെന്ന് മുന്‍നിലപാട് തിരുത്തി മെട്രോ മാന്‍ ഇ. ശ്രീധരന്‍. കെ. റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാറ്റങ്ങള്‍ വരുത്തണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇ. ശ്രീധരന്‍ പുതിയ നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു കെ.വി. തോമസ് - ഇ. ശ്രീധരന്‍ ചര്‍ച്ച. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയില്‍വേ സംവിധാനങ്ങളെ സംബന്ധിച്ച കാര്യങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രധനമായും ചര്‍ച്ചയായത്.
ഹൈ സ്പീഡ് റെയില്‍വേ സംവിധാനവും സെമി സ്പീഡ് റെയില്‍വേ സംവിധാനവുമാണ് ആവശ്യമെന്നും ഇതുമായി ബന്ധപ്പെട്ട രൂപരേഖ ശ്രീധരന്‍ നല്‍കുമെന്നും കെ.വി. തോമസ് പറഞ്ഞു. പൊന്നാനിയിലുള്ള ഇ. ശ്രീധരന്റെ വീട്ടില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.