ജാഫ്‌ന- സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. രാമേശ്വരം സ്വദേശികളായ 13 മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ മുന്നറിയിപ്പ് കാരണം ഒരാഴ്ചയോളമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നില്ല. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് രാമേശ്വരത്ത് നിന്ന് നാനൂറോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയത്.
കാംഗേസിനും കച്ചത്തീവിനും ഇടയിലുള്ള മേഖലയിലാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ മയിലേട്ടി തുറമുഖത്തേക്ക് കൊണ്ടുപോയെങ്കിലും ജാഫ്‌നയിലെ ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് കൈമാറുമെന്നാണ് കരുതുന്നത്.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശ്രീലങ്ക അറസ്റ്റ് ചെയ്ത 22 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അടുത്തിടെയാണ് വിട്ടയച്ചത്.