Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ ക്ഷണം തള്ളി മുസ്ലിം ലീഗ്;സെമിനാറിൽ പങ്കെടുക്കില്ല

മലപ്പുറം-സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം. കോണ്‍ഗ്രസിനെ ഒഴിവാക്കി സി.പി.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ആശയക്കുഴപ്പമില്ലെന്നും ഏകസിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
സിവില്‍ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇത് മുസ്ലിം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കേണ്ടതാണ്.  ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ സെമിനാറില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ സെമിനാറില്‍ പങ്കെടുക്കില്ല. പങ്കെടുത്താല്‍ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം. ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സെമിനാറുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി ആകരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോജിപ്പിനുള്ള സെമിനാര്‍ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാന്‍ കോണ്‍ഗ്രസ് ഇടപെടലുകള്‍ക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

 

 

 

Latest News