കൊച്ചി - പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പി.ഡി.പി.നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിസാര്‍ മേത്തറിനെയാണ് പുറത്താക്കിയത്. പരാതിയെ തുടര്‍ന്ന് ഇയാളെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി പാര്‍ട്ടി തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിസാര്‍ മേത്തറിനെ പുറത്താക്കിയത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വെയ്ക്കാന്‍ പി ഡി പി ചുമതലപ്പെടുത്തിയത് നിസാര്‍ മേത്തറിനെയായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മഅ്ദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.