കൊച്ചി- ഏക സിവിൽകോഡിൽ കോൺഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇടയ്‌ക്കൊക്കെ സ്വന്തം മുഖം കണ്ണാടിയിൽ നോക്കിയാൽ ഏക സിവിൽ കോഡിൽ സി.പി.എമ്മിന്റെ അഭിപ്രായം ഏതൊക്കെ തരത്തിലാണെന്ന് മനസ്സിലാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഈ വിഷയത്തിൽ കോൺഗ്രസിന് അന്നും ഇന്നും ഒറ്റ അഭിപ്രായമേയുള്ളൂ. ഇന്നലെവരെ ഏക സിവിൽ കോഡിനു വേണ്ടി വാദിച്ചവർ പെട്ടെന്ന് നിലപാട് മാറ്റുമ്പോൾ അതിനു പിന്നിലെ കുബുദ്ധി എല്ലാവർക്കും മനസ്സിലാകും. അത് ലീഗും തിരിച്ചറിയും. അതുകൊണ്ടുതന്നെ സി.പ.ിഎം വിചാരിച്ച മുതലെടുപ്പ് രാഷ്ട്രീയം നടക്കില്ലെന്ന് കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഏക സിവിൽകോഡിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുസ്്‌ലിം ലീഗാണ്. അവർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതിൽ കോൺഗ്രസിന് സംതൃപ്തിയാണന്നെന്നും വേണുഗോപാൽ പറഞ്ഞു.
കേസുകൾ കൊണ്ട് രാഹുൽ ഗാന്ധിയെ തളർത്താനാകില്ല. മോഡിയെയും അദാനിയെയും വിമർശിച്ചതിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ രാഹുൽഗാന്ധിക്കെതിരെ അപകീർത്തി കേസ് നൽകിയത്. മോഡിയെ വിമർശിച്ചതിന്റെ പേരിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന കോടതി വിധി ഉണ്ടായത്. അദ്ദേഹം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായത് ആരെയെങ്കിലും കൊന്നതിന്റെയോ ആക്രമിച്ചതിന്റെയോ പേരിലല്ല, സംഘപരിവാർ പ്രവർത്തകർ നൽകിയ അപകീർത്തി കേസുകളിലാണ്. മോദിയും അദാനിയും തമ്മിലുള്ള ബന്ധം തുറന്നു കാട്ടിയതിനാണ് അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ പൊതുപ്രവർത്തകർ അഭിപ്രായം പറയുമ്പോൾ മാനനഷ്ടക്കേസ് സ്വാഭാവികം. അതിൻെറ പേരിൽ രാഹുൽ ഗാന്ധിയെ തളർത്താനാവില്ല. ഇതൊന്നും കണ്ട് വായ് മൂടി കെട്ടിയിരിക്കുന്ന നേതാവല്ല രാഹുൽ ഗാന്ധി .അദ്ദേഹം കൊടുങ്കാറ്റിന്റെ വേഗതയിൽ കൂടുതൽ ശക്തിമായിട്ട് മുന്നോട്ട് പോകും. അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ വീട്ടിൽ ഇരുത്താമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. അവർക്ക് തെറ്റിപ്പോയി. രാഹുൽ ഗാന്ധിക്കെതിരായ കേസിൽ തുടർ നടപടികൾ അഭിഭാഷകരുമായി കൂടിയാലോചിച്ചു തീരുമാനിക്കും. ജനാധിപത്യ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും കടന്നാക്രമിക്കുന്നതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് രാഹുൽഗാന്ധിക്കെതിരായ നടപടി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന മോദി സർക്കാറിന്റെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. അതിൻറെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ജൂലൈ 12ന് കോൺഗ്രസ് പ്രവർത്തകർ വായി മൂടിക്കെട്ടി മൗനസത്യാഗ്രഹം നടത്തുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.