മലയാളിയുടെ ചിത്രകലാ സങ്കൽപങ്ങളിൽ അടിമുടി മാറ്റം വരുത്തിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങിയത്. ചിത്രകല പോർട്രേറ്റുകളിൽ ചുറ്റിത്തിരിഞ്ഞിരുന്ന ഒരു കാലഘട്ടത്തിൽ രൂപങ്ങൾക്ക് നവഭാവുകത്വം നൽകി അദ്ദേഹം ചിത്രകലാസ്വാദകരെ അമ്പരപ്പിച്ചു. വിഖ്യാതമായ പൊന്നാനിക്കളരിയിൽ നിന്ന് വരയുടെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം ജനപ്രിയ മാധ്യമങ്ങളിലൂടെ ചിത്രകലയെ ജനകീയമാക്കി.
രേഖാചിത്രകാരൻ എന്ന നിലയിലായിരിക്കും ആർട്ടിസ്റ്റ് നമ്പൂതിരിയെ ചരിത്രം ഓർമിക്കുക. പെയിന്റർ, ശിൽപി, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, സിനിമാ ആർട് ഡയരക്ടർ എന്ന നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
വരകളെ ലളിതവും ജനകീയവുമാക്കിയതിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പങ്ക് ഏറെ വലുതാണ്. സങ്കീർണതകളില്ലാതെ സാധാരണക്കാരായ ജനങ്ങൾക്ക് പോലും വായിച്ചെടുക്കാൻ കഴിയുന്നതായിരുന്നു ആ ചിത്രങ്ങൾ. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ എക്കാലത്തും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നതായി. പ്രമുഖ സാഹിത്യകാരൻമാരുടെ നോവലുകൾക്ക് ആ ചിത്രങ്ങൾ മിഴിവേകി. മാദകത്വം തുളുമ്പുന്ന സ്ത്രീ രൂപങ്ങളും ഒത്ത പുരുഷൻമാരും അദ്ദേഹത്തിന്റെ ബ്രഷുകളിലും പേനകളിലും വിരിഞ്ഞു നിന്നു.
സാഹിത്യ സൃഷ്ടികളെ ചിത്രകലയുമായി ബന്ധിപ്പിക്കുന്ന പുത്തൻ സംസ്‌കാരത്തിന് നാന്ദി കുറിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മികവിലൂടെയാണ്. പ്രശസ്തരായ എഴുത്തുകാർ എം.ടി മുതൽ വി.കെ.എൻ വരെയുള്ളവരുടെ നോവലുകൾക്ക് നമ്പൂതിരി ചിത്രങ്ങൾ കൂടി അകമ്പടിയാകുമ്പോൾ വായന അതിന്റെ പൂർണതയിലെത്തി. എം.ടിയുടെ രണ്ടാമൂഴത്തിനും വി.കെ.എന്നിന്റെ പിതാമഹനും വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങൾ ക്ലാസിക്കുകളായി മാറി. പുത്തൻ തലമുറയിലെ എഴുത്തുകാരുടെ എഴുത്തുകൾക്കൊപ്പവും നമ്പൂതിരി ചിത്രങ്ങൾ നിറഞ്ഞു നിന്നു.
ഇന്ത്യയിലെ തന്നെ വിഖ്യാത ചിത്രകാരനായിരുന്ന കെ.സി.എസ് പണിക്കരുടെ നേതൃത്വത്തിൽ രൂപപ്പെട്ട ചിത്രകലയുടെ പൊന്നാനിക്കളരിയായിരുന്നു നമ്പൂതിരിയുടെയും കളരി. പ്രാഥമിക വിദ്യാഭ്യാസം നേടിയില്ലെങ്കിലും ചിത്രകലയിൽ അദ്ദേഹം മുടിചൂടാമന്നനായി. ചെന്നൈയിലെ ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിലെത്തി ചിത്രം വര പഠിച്ച അദ്ദേഹം പിന്നീട് മാതൃഭൂമിയിൽ ചേർന്നു. തുടർന്ന് നമ്പൂതിരി ചിത്രങ്ങളിലൂടെ ചിത്രകല സാധാരണക്കാരിലെത്തി.
പൊന്നാനിയിലെ കുട്ടിക്കാലവും ചോളമണ്ഡലത്തിലെ പരിശീലനവും കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളിലെ ഇടപെടലുകളുമാണ് നമ്പൂതിരിയെ കൂടുതൽ ജനകീയനാക്കിയത്.അടച്ചിട്ട മുറികളിലിരുന്ന് ഭാവനയുടെ വർണലോകം തീർത്തിരുന്ന കലാകാരൻമാരുടെ ഒരു തലമുറയിൽ നിന്നാണ് നമ്പൂതിരി സമൂഹത്തിന്റെ തുറന്ന പുറങ്ങളിലേക്കിറങ്ങിയത്. തന്റെ ജീവിത സന്ദർഭങ്ങളെ വരകളിലാക്കി രചിച്ച രേഖകൾ എന്ന ആത്മകഥാ ചിത്രം, ചിത്രകലാ ചരിത്രത്തിൽ തന്നെ വേറിട്ടതാണ്. പ്രമുഖ ചലച്ചിത്രകാരൻമാരായ അരവിന്ദൻ, പത്മരാജൻ എന്നിവർക്കൊപ്പം സിനിമയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനം എന്ന സിനിമയിലൂടെ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
പടം-ആർട്ടിസ്റ്റ് നമ്പൂതിരി ചിത്ര നിർമിതിയിൽ (ഫയൽ ചിത്രം)