Sorry, you need to enable JavaScript to visit this website.

വേഗ വരകളുടെ മാന്ത്രികൻ

വേഗവരകളുടെ മാന്ത്രികനായിരുന്നു നമ്പൂതിരി മാഷ്. മാഷ് പേനയോ പെൻസിലോ എടുത്താൽ അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രം ഉറപ്പായിരുന്നു.
എങ്ങനെയാണ് അദ്ദേഹം ആ മാന്ത്രിക വിദ്യ കാണിക്കുന്നത് എന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. എം.ടിയുടെ രണ്ടാമൂഴം വായിച്ചപ്പോഴാണ് അതിലെ ഭീമനെ, ദ്രൗപദിയെ അക്ഷരങ്ങൾക്കൊപ്പം വരകളോടെ മനസ്സിലേക്ക് ആവാഹിച്ചത്. അന്നു മുതൽ നമ്പൂതിരി മാഷിന്റെ ഇല്ലസ്‌ട്രേഷനുകൾ ഹരമായിരുന്നു. സ്ത്രീ സൗന്ദര്യത്തെ അതിന്റെ ഏറ്റവും പൂർണ ഭാവത്തിൽ, ഏതൊരു പുരുഷനെയും മോഹിപ്പിക്കുന്ന രീതിയിൽ വരകളിലൂടെ, കോറലുകളിലൂടെ വരച്ചിട്ടു. അദ്ദേഹം വരച്ച ചിത്രങ്ങൾ സൂം ചെയ്തു നോക്കിയാൽ കുറെ വരകളും കുത്തും കോമയും ഒക്കെ കാണാം.
സൂം ഔട്ട് ചെയ്യുമ്പോഴാണ് ആ ചിത്രത്തിന്റെ ഭംഗി അറിയാനാവുക.  അദ്ദേഹത്തിന്റെ ഗുരുനാഥൻ കെ.സി.എസ്. പണിക്കർ, സഹപാഠി കൂടിയായ ദേവൻ  എന്നിവർ അബ്‌സ്ട്രാക്ട് ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നമ്പൂതിരി മാഷ് വേഗം വരകളിലേക്കാണ്  കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോയത്.
ഒരു അടിക്കുറിപ്പും ഇല്ലാതെ മനസ്സിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റേത്. മറ്റു തരത്തിൽ പറഞ്ഞാൽ സാധാരണക്കാരനെ രേഖാചിത്രങ്ങളിലേക്കും ചിത്രകലയിലേക്കും  അടുപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
പരസ്പരം യാതൊരു ബന്ധവുമില്ലാത്ത, അങ്ങോട്ടുമിങ്ങോട്ടും തൊട്ട് തൊടാതെ നിൽക്കുന്ന, അപൂർണം എന്ന് തോന്നിപ്പിക്കുന്ന വരകൾ ഒരു പൂർണ ചിത്രം ആകുന്ന മാജിക് ആയിരുന്നു ഓരോ നമ്പൂതിരി ചിത്രവും. 
അത് പകർത്തുക എളുപ്പമല്ല. നമ്പൂരി ശൈലി അത് നമ്പൂതിരി ശൈലി മാത്രമാണ്. മറ്റാർക്കും അനുകരിക്കാൻ ആവില്ല. രേഖാചിത്രമാണെങ്കിൽ പോലും അതിന്റെ പെർഫെക്ഷനിൽ നമ്പൂതിരി മാഷ് ഏറെ ശ്രദ്ധ കൊടുത്തു. സ്ത്രീ കഥാപാത്രങ്ങളെ വരയ്ക്കുമ്പോൾ യാതൊരു പിശുക്കും കൂടാതെ അവർക്ക് വേണ്ട എല്ലാ ഭംഗിയും വാരിക്കോരി കൊടുക്കാൻ അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനുമായി. അനാട്ടമി അതിന്റെ ഏറ്റവും ഭംഗിയായി അദ്ദേഹം ആവിഷ്‌കരിച്ചു. തുല്യതപ്പെടുത്താൻ കഴിയാത്ത വിധം.. നമ്പൂതിരി വരെ വരച്ചിട്ടുള്ള കഥകളി ചിത്രങ്ങൾ യഥാർത്ഥ കഥകളിയിൽ നിന്ന് വേറിട്ട് നിൽക്കുന്നവയാണെങ്കിലും കഥകളിയുടെ ഗാംഭീര്യം ആ ചിത്രങ്ങൾക്ക് കൈവന്നിരുന്നു. പി.കെ. പത്മിനിയെ പോലുള്ള ചിത്രകാരികളുടെ കഴിവ് ലോകത്തിന് കാണിച്ചുകൊടുത്തതിൽ നമ്പൂതിരി മാഷിന് വലിയ പങ്കുണ്ട്.
രണ്ടാമൂഴത്തിൽ എം.ടിയുടെ വരികൾക്കൊപ്പം നമ്പൂതിരി മാഷിന്റെ ചിത്രങ്ങൾ കൂടി ചേർന്നപ്പോഴാണ് ഭീമനോടുള്ള നമ്മുടെ എല്ലാവരുടെയും ആരാധന വർധിച്ചത്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ആ വേഗവരകൾ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. കൈവിരൽത്തുമ്പിൽ അദ്ദേഹം ഒളിപ്പിച്ചുവെച്ച ആ മാന്ത്രികത.. അത് നമ്പൂതിരി മാഷിന് മാത്രം സ്വന്തം. അദ്ദേഹം നമുക്ക് സമ്മാനിച്ച ചിത്രങ്ങൾ നമ്മുടെ അഭിമാനമാണ്. 

Latest News