Sorry, you need to enable JavaScript to visit this website.

ചെറിയ വരകളുടെ വല്യ തമ്പുരാൻ

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഭൗതിക ശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് പോലീസ് ഗാർഡ് ഓഫ് ഹോണർ നൽകുന്നു.

വര നന്നാവണമെങ്കിൽ തലവരയും നന്നാവണം. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തലവര നന്നായത് വരിക്കാശ്ശേരി മനയിൽ വെച്ചാണ്. പാലക്കാട് ഒറ്റപ്പാലത്തുള്ള വരിക്കാശ്ശേരി മന. നനഞ്ഞ മണ്ണിൽ ഈർക്കിലി കൊണ്ടും അമ്പല ചുമരിൽ കരിക്കട്ട കൊണ്ടും പിന്നീട് കടലാസിലും ചിത്രങ്ങൾ വരച്ചിട്ട ആ നമ്പൂതിരി കുട്ടിയെ വരിക്കാശ്ശേരി മനയിലെ കൃഷ്ണൻ നമ്പൂതിരി കണ്ടറിഞ്ഞു. ഊതിക്കാച്ചി എടുക്കാവുന്ന പൊന്നാണ് ഈ വിദ്വാനെന്ന് കൃഷ്ണൻ നമ്പൂതിരിക്ക് തോന്നി. അദ്ദേഹത്തിന്റെ തോന്നൽ തെറ്റിയില്ല. വരിക്കാശ്ശേരി മനയിൽനിന്ന് മദിരാശിയിലേക്ക് പോകുമ്പോൾ കൃഷ്ണൻ നമ്പൂതിരി കൂടെ വളർന്നുവരുന്ന ആ ചിത്രകാരനെയും കൂട്ടി. മദിരാശി  അന്ന് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ഒരു സ്വപ്നലോകം ആയിരുന്നു. കേട്ടറിവു മാത്രം ഉണ്ടായിരുന്ന കെ.സി.എസ് പണിക്കരെ പോലുള്ള  വലിയ ചിത്രകാരന്മാരെ കാണണം എന്നൊരു മോഹം ഉണ്ടായിരുന്നു.
അതു തന്നെ അതിമോഹം ആയിരുന്നു എന്ന് ആർട്ടിസ്റ്റ് നമ്പൂതിരി പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാൽ മദിരാശിയിൽ  കൃഷ്ണൻ നമ്പൂതിരി നേരെ ഇദ്ദേഹത്തെക്കൊണ്ട് ചേർത്തത്  സ്‌കൂൾ ഓഫ് ആർട്‌സിൽ  ആയിരുന്നു. ഗുരു സാക്ഷാൽ കെ.സി.എസ്. പണിക്കർ. കാണാൻ ആഗ്രഹിച്ച ആൾ ഗുരുവായി ഭവിക്കുക. അതിൽപരം ആനന്ദം എന്തുണ്ട്. അതോടെ വരയുടെ രാജകുമാരന്റെ തലവര മാറി. ചെറിയ വരകളുടെ വലിയ തമ്പുരാനായി നമ്പൂതിരി മാറി. 
രേഖകൾ കൊണ്ട് ചിത്രങ്ങൾ തീർക്കുന്നത് അദ്ദേഹത്തിന് ഒരു രസമായിരുന്നു. രേഖകൾ മറ്റു പലതുമായി മാറുന്നതിന്റെ വിസ്മയം ആർട്ടിസ്റ്റ് നമ്പൂതിരി സ്വയം അനുഭവിച്ചറിഞ്ഞിരുന്നു. പതിവ് ചിത്ര കാഴ്ചകളിൽ നിന്ന് നമ്പൂതിരിയുടെ ഇല്ലസ്‌ട്രേഷനുകൾ എന്നു വിളിക്കാവുന്ന ചിത്രങ്ങൾ വേറിട്ട് നിൽക്കുന്നവയായത് ആ രേഖാ  ചിത്രങ്ങളിൽ ആർട്ടിസ്റ്റിന്റെ മനസ്സ് കൂടി ഉൾപ്പെട്ടിരുന്നു എന്നതുകൊണ്ടാണ്.

സ്വയം ആനന്ദിച്ച് വരയ്ക്കുക -അതായിരുന്നു നമ്പൂതിരി ചെയ്തിരുന്നത്. ഒരു കോറലിന്, രണ്ടു കുത്തുകൾക്ക്, അലക്ഷ്യമായി വരച്ചിടുന്ന ചില നേർരേഖകൾക്ക്. ഒരു രൂപത്തിലേക്ക് പരകായ പ്രവേശം നടത്താൻ സാധിച്ചു എന്നത് ചിത്രകലയിലെ കൈപ്പുണ്യം. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്ത്രീ ചിത്രങ്ങൾ വളരെ മനോഹരമാണ് എന്ന് പ്രശംസിക്കുന്നവർ നിരവധിയാണ്. വിരൂപിയായ ഒരു  സ്ത്രീയെ പോലും നമ്പൂതിരി വിരൂപയായി വരയ്ക്കരുത് എന്ന മാധവിക്കുട്ടിയുടെ അച്ഛന്റെ വാക്കുകൾ അറിഞ്ഞോ അറിയാതെയോ നമ്പൂതിരിയുടെ മനസ്സിൽ തറച്ചിട്ടുണ്ട്. മാതൃഭൂമിയിൽ ആർട്ടിസ്റ്റായി ചേരുമ്പോൾ ലഭിച്ച ആദ്യ ഉപദേശങ്ങളിൽ ഒന്ന്  അതായിരുന്നുവത്രേ.
സ്ത്രീകൾക്ക് മാത്രമല്ല, പുരുഷ കാമനകൾക്കും  ആർട്ടിസ്റ്റ് നമ്പൂതിരി ടച്ച്  വേറിട്ട ഒരു ഭംഗി നൽകിയിരുന്നു. രണ്ടാമൂഴത്തിലെ ഭീമനെ നമ്പൂതിരി വരച്ചിട്ടിരിക്കുന്നത് പൗരുഷത്തിന്റെ സർവ ഗുണങ്ങളും തികഞ്ഞ മനുഷ്യനായാണ്. അലക്ഷ്യമായി ലക്ഷ്യത്തിലേക്ക് എത്തുന്ന ചിത്രങ്ങൾ എന്ന് അദ്ദേഹത്തിന് ചിത്രങ്ങളെ പലപ്പോഴും തോന്നിയിട്ടുണ്ട്. കാൻവാസിൽ ആയാലും ചുമരിൽ ആയാലും വരയ്ക്കാൻ തുടങ്ങുമ്പോൾ ഒരു വര, പിന്നെ അത് മറ്റെന്തോ ആയി മാറുന്നു. അത്ഭുതത്തോടെയും കൊതിയോടെയും  അല്ലാതെ ഒരു നമ്പൂതിരി ചിത്രവും നോക്കിക്കാണാൻ കഴിഞ്ഞിട്ടില്ല. എടുക്കുമ്പോൾ ഒന്ന്,  തൊടുക്കുമ്പോൾ പത്ത്, എയ്യുമ്പോൾ നൂറ്, കൊള്ളുമ്പോൾ ആയിരം എന്നതു പോലെയായിരുന്നു ആ ചിത്രവരയുടെ ആദ്യമധ്യാന്തം.

വെറും വരകളോ കോറി വരികളോ ആയിട്ട് പോലും നമ്പൂതിരിയുടെ ഓരോ ചിത്രവും ഡീറ്റൈലിംഗിൽ മികച്ചുനിന്നു. കഥാപാത്രത്തിന്റെ ശരീര ഘടനയും വസ്ത്രധാരണവും പരിസരവുമെല്ലാം നമ്പൂതിരിയുടെ ചിത്രങ്ങൾ വിശാലമായി ഉൾപ്പെട്ടിരുന്നു. നോക്കുമ്പോൾ ഇതെത്ര എളുപ്പമാണ് വരയ്ക്കാൻ എന്ന് തോന്നുമെങ്കിലും നമ്പൂതിരി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച്  പരാജയപ്പെടുകയാണ് പലപ്പോഴും  ഉണ്ടാകാറുള്ളത്. കാരണം ആ കൈത്തഴക്കത്തിന്റെ ചാരുത മറ്റൊരാൾക്കും കിട്ടില്ല എന്നത് തന്നെ. അതുകൊണ്ടു തന്നെ നമ്പൂതിരി ചിത്രങ്ങൾ എന്നത്തേയും പോലെ ഇനിയും ലൈവ് ആയിരിക്കും. ഇപ്പോൾ മറ്റേതോ ലോകത്തിരുന്ന് ഇന്നേവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ രേഖകളിലേക്ക് ആവാഹിക്കുന്നുണ്ടാകും ചെറിയ വരകളുടെ വലിയ തമ്പുരാൻ..

 

Latest News