റിയാദ് - ബലിപെരുന്നാള്‍ ദിവസങ്ങളില്‍ നിയമ ലംഘനങ്ങള്‍ക്ക് റിയാദില്‍ 20 വ്യാപാര സ്ഥാപനങ്ങള്‍ നഗരസഭ അടപ്പിച്ചു. ബലിപെരുന്നാള്‍ ദിവസങ്ങളില്‍ ആകെ 1,242 സ്ഥാപനങ്ങളിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. ഇതിനിടെ 156 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 123 സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിച്ചു. ബലിപെരുന്നാള്‍ ദിവസങ്ങളില്‍ പുതിയ ഹെല്‍ത്ത് കാര്‍ഡുകളും പുതുക്കിയ ഹെല്‍ത്ത് കാര്‍ഡുകളും നഷ്ടപ്പെട്ടതിനു പകരം അനുവദിച്ച ഹെല്‍ത്ത് കാര്‍ഡുകളും അടക്കം ആകെ 2,283 ഹെല്‍ത്ത് കാര്‍ഡുകള്‍ നഗരസഭ അനുവദിച്ചു. ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും 200 സാമ്പിളുകള്‍ പിടിച്ചെടുത്ത് പരിശോധിക്കുകയും ചെയ്തു.
കശാപ്പ് നടത്താന്‍ ലൈസന്‍സില്ലാതിരിക്കല്‍, കശാപ്പ് ചെയ്ത ആടുകള്‍ കുന്നുകൂട്ടിയിടല്‍, വെറ്ററിനറി ഡോക്ടറുടെ അഭാവം, കശാപ്പ് നടത്തുന്ന സ്ഥലങ്ങളില്‍ ഉപയോക്താക്കള്‍ പ്രവേശിക്കല്‍, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാതിരിക്കല്‍, ഡ്രൈനേജ് മൂടികള്‍ തുറന്നിടല്‍, മോശം ശുചീകരണ നിലവാരം, മതിയായ വായുസഞ്ചാരമില്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഹോട്ടലുകളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തിയതെന്ന് റിയാദ് നഗരസഭ പറഞ്ഞു.