Sorry, you need to enable JavaScript to visit this website.

തള്ളാനോ കൊള്ളാനോ വയ്യ, ധര്‍മസങ്കടത്തിലായി മുസ്‌ലിം ലീഗ്

കോഴിക്കോട്- ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്‌ലിം ലീഗിനെ ധര്‍മസങ്കടത്തിലാക്കി സി.പി.എം തന്ത്രം. കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായി ഏക സിവില്‍കോഡിനെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എം ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിനെ ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. തള്ളാനോ കൊള്ളാനോ പറ്റാതെ ലീഗ് വിഷമവൃത്തത്തിലാണ്.

കോഴിക്കോട്ട് നടക്കുന്ന സെമിനാറിലേക്ക് ലീഗിനെ സി.പി.എം ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ ലീഗിന് കഴിയുന്നില്ല. പങ്കെടുക്കില്ലെന്ന് പറയാനും ആകുന്നില്ല. ഈ വിഷമസന്ധിയെ ലീഗ് എങ്ങനെ മറികടക്കും എന്നാണ് അറിയേണ്ടത്.

ലീഗ് നിലപാട് കോണ്‍ഗ്രസും ഉറ്റുനോക്കുകയാണ്. കോഴിക്കോട്ട് സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാര്‍ കേവലം ഒരു സെമിനാറായിരിക്കില്ലെന്ന് അവര്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാരിനെതിരായ ഒരു സമരപ്രഖ്യാപനം തന്നെയായി മാറ്റുകയാണ് ലക്ഷ്യം. പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് സി.പി.എം പറയുന്നത്. അതില്‍ ലീഗിനെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ സി.പി.എമ്മിന് അത് വലിയൊരു രാഷ്ട്രീയ  വിജയമായിരിക്കും.

ഏകസിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായി ഒന്നും പറയാന്‍ കഴിയാത്തതും ലീഗിനെ വിഷമിപ്പിക്കുന്നു. നയം  വ്യക്തമാക്കണമെന്ന് ആവര്‍ത്തിച്ച് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെടുന്നത് ഈ സാഹചര്യംമൂലമാണ്. കോഴിക്കോട്ടെ സെമിനാറില്‍ കോണ്‍ഗ്രസിനെ വിളിക്കില്ലെന്നും സി.പി.എം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് പങ്കാളിത്തമില്ലാത്ത ഒരു പരിപാടിയില്‍ ലീഗ് പങ്കെടുക്കുമോ എന്നതാണ് കാണേണ്ടത്.

ഏകസിവില്‍കോഡ് മുന്നില്‍വെച്ച് വിലപേശല്‍ രാഷ്ട്രീയമാണ് സി.പി.എം കൈക്കൊള്ളുന്നതെന്ന വിമര്‍ശം ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി മാറ്റുകയാണ് സി.പി.എം ലക്ഷ്യം. ഏക സിവില്‍കോഡ് പൊടുന്നനെ പൊടിതട്ടിയെടുത്തതിന് പിന്നിലെ ബി.ജെ.പി ലക്ഷ്യവും രാഷ്ട്രീയം തന്നെയാണ്. ദേശീയതലത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ മറ്റൊരു പതിപ്പാണ് സി.പി.എം പയറ്റുന്നതെന്നാണ് കേരളത്തില്‍ യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമായി ഏകീകരിക്കുകയാണ് ലക്ഷ്യം. ഈ രാഷ്ട്രീയം നീചമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അടക്കമുള്ളവര്‍ തുറന്നടിക്കുന്നു.

സി.പി.എമ്മിന്റെ ഈ ലക്ഷ്യം തിരിച്ചറിയാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ല എന്ന് ആരും കരുതുന്നില്ല. എന്നാല്‍ കുറേക്കാലമായി ലീഗിനെ പ്രീണിപ്പിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമം, ഇടതുമുന്നണിയിലേക്ക് ഒരു വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇത് ഒറ്റയടിച്ച് അടച്ചുകളയാന്‍ ലീഗിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നില്ല. അതേസമയം എം.കെ മുനീര്‍ അടക്കമുള്ള ഒരു വിഭാഗം സി.പി.എമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നതില്‍ അതൃപ്തരുമാണ്. ഇതാണ് പെട്ടെന്ന് തീരുമാനമെടുക്കുന്നതില്‍ ലീഗ് നിസ്സഹായാവസ്ഥയിലായത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ ഒരു സമവായ സമീപനം ആദ്യം ഉരുത്തിരിയേണ്ടിയിരിക്കുന്നു.

കോഴിക്കോട്ടെ സെമിനാര്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്നത് മറച്ചുവെക്കാന്‍ സി.പി.എം ശ്രമിക്കുന്നില്ല. കോണ്‍ഗ്രസിനേയും ജമാഅത്തെ ഇസ്ലാമിയേയും പങ്കെടുപ്പിക്കില്ല എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് തുറന്നുപറഞ്ഞത്. തീവ്രസ്വഭാവമുള്ള മുസ്‌ലിം സംഘടനകളെ മാറ്റിനിര്‍ത്തുന്നതിലൂടെ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നും ലീഗിനെ അടുപ്പിക്കുന്നതിലൂടെ മുസ്‌ലിം വോട്ടുകള്‍ നേടാമെന്നുമാണ് സി.പി.എം കരുതുന്നത്. ഈ ദ്വിമുഖ രാഷ്ട്രീയ തന്ത്രത്തെ നേരിടാനാകാതെ കോണ്‍ഗ്രസും വിഷമവൃത്തത്തിലാണ്.

സി.പി.എം സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുകയില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പങ്കെടുത്തില്ലെങ്കില്‍ അത് മറ്റൊരു വലിയ പ്രചാരണമായി മാറ്റാന്‍ സി.പി.എം ശ്രമിക്കും. ഇന്ത്യന്‍ മുസ്‌ലിംകളെ ഒന്നായി ബാധിക്കുന്ന വിഷയത്തില്‍ മുസ്‌ലിം ലീഗ് നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം ലീഗിന് ദോഷം ചെയ്യും. സി.പി.എം അനുഭാവമുള്ള മതസംഘടനകളും ഇക്കാര്യം ഉയര്‍ത്തിപ്പിടിക്കും. സിവില്‍കോഡുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന സഹകരണ മനോഭാവത്തിനും അത് വിഘാതമാകും. ഇതെല്ലാം മനസ്സിലാക്കിയാണ് സി.പി.എം നിലപാട് സ്വീകരിച്ചത്.

സി.പി.എമ്മിന്റെ പരമ്പരാഗത നിലപാട് ഏക സിവില്‍കോഡിന് അനുകൂലമാണെന്ന പ്രചാരണം നടക്കുന്നുവെങ്കിലും അത് കാര്യമായി ഏശിയിട്ടില്ല. മുസ്‌ലിം ലീഗ് പോലും അത്തരത്തിലുള്ള വിമര്‍ശനത്തിന് മുതിര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇ.എം.എസിന്റെ പഴയ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതെങ്കിലും സി.പി.എം അക്കാര്യത്തില്‍ പതറാതെ നില്‍ക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.

 

 

Latest News