ഈരാറ്റുപേട്ട- പൊതുമരാമത്ത് വകുപ്പ് ആഘോഷപൂര്‍വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ കുഴി. ഉദ്ഘാടനം നടന്ന് ഒരു മാസം തികയുമ്പോഴാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ടാറിങ്ങിനടിയില്‍ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകര്‍ന്നത്. നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ അല്ലെന്നും ടൈല്‍ പാകി കുഴി അടയ്ക്കും എന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം നടത്തിയത്. വേലത്തുശേരിയില്‍ മൂന്നിടങ്ങളില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്താകും എന്ന ആശങ്കയിലാണ് നാട്ടുകാര്‍ക്ക്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മതിയായ പഠനം നടത്താതെയാണ് റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. റോഡ് നിര്‍മ്മാണ കരാര്‍ ആദ്യം ഏറ്റെടുത്തയാള്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ് ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. 20 കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരിച്ചത്.