Sorry, you need to enable JavaScript to visit this website.

യൂറോപ്പില്‍ പാര്‍ട്ടി ഓഫീസുകള്‍ ബാറുകളായി മാറി,  ബംഗാള്‍ തകര്‍ന്നടിഞ്ഞു- ക്രിസ്ത്യന്‍ മൂവ്‌മെന്റ്

ചെങ്ങന്നൂര്‍-ക്രൈസ്തവ സമൂഹത്തെയും വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അപലപനീയവും ദുരുദ്ദേശപരവും ആണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. ഇംഗ്ലണ്ടിലെ നാട്ടുകാര്‍ ആരും പള്ളിയില്‍ പോകില്ല എന്നും കേരളത്തില്‍ നിന്നും പോകുന്നവര്‍ മാത്രമേ പള്ളിയില്‍ പോകാറുള്ളൂ എന്നും പള്ളി മുഴുവന്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണ് എന്നും കന്യാസ്ത്രീകളുടെ സേവനം തൊഴിലുപോലെയാണ് എന്നും തളിപ്പറമ്പില്‍ പറഞ്ഞത് ദുഷ്ടലാക്കോടെയാണ്.
സോവിയറ്റ് റഷ്യയിലും കിഴക്കന്‍ യൂറോപ്പില്‍ ആകമാനവും പാര്‍ട്ടി ഓഫീസുകള്‍ ബാറുകളായി മാറിയതും കല്‍ക്കട്ടയിലും ത്രിപുരയിലും അവ ഹോട്ടലുകളായി രൂപാന്തരപ്പെട്ടതും കമ്മ്യൂണിസ്റ്റ് റഷ്യയിലെ ദാരിദ്ര്യം കൊണ്ട് ലോകരാജ്യങ്ങളുടെ തെരുവുകളില്‍ മാനം വില്‍ക്കേണ്ടി വന്നവരെയും കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ ബംഗാളും ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന കമ്മ്യൂണിസവും പാര്‍ട്ടി സെക്രട്ടറി മറന്നു. കമ്മ്യൂണിസം അതിന്റെ തന്മാത്രാ തലത്തില്‍ തന്നെ തകര്‍ന്നു. ലാറ്റിന്‍ അമേരിക്കയില്‍ സയന്റിഫിക് സോഷ്യലിസത്തിന്റെ കണിക പോലും ഇല്ല. നവ ലിബറല്‍ സാമ്പത്തിക നയങ്ങളാണ് ചൈന നടപ്പാക്കുന്നത്. ക്യൂബയും വിയറ്റ്‌നാമും അമേരിക്കയെ അംഗീകരിച്ചു കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും പാര്‍ട്ടിയുടെ പേരില്‍ മാത്രമായി കമ്മ്യൂണിസത്തെ ഒതുക്കിയ പ്രസ്ഥാനം എന്ത് ബദല്‍ സാമ്പത്തിക നയമാണ് സ്വീകരിച്ചത്. സിംഗൂരും നന്ദിഗ്രാമിലും നാം അത് കണ്ടതാണ്. ലോകബാങ്കിന്റെയും എഡിബിയുടെയും നയങ്ങള്‍ രണ്ടു കൈയും നീട്ടി പാര്‍ട്ടി സ്വീകരിച്ചു കഴിഞ്ഞു. ചരടുകള്‍ ഉള്ള വിദേശ നിക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു. ഇടതുപക്ഷ മൗലിക സ്വഭാവവും വിപ്ലവ സത്തയും കൈയ്യൊഴിഞ്ഞ കേവലം വലതുപക്ഷ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് ഇപ്പോള്‍ എവിടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
ദൈവവിശ്വാസത്തെ ഇല്ലാതാക്കി നിരീശ്വരവാദം വളര്‍ത്തി പാര്‍ട്ടി വലുതാക്കാം എന്ന പാര്‍ട്ടി സെക്രട്ടറിയുടെ ദിവാസ്വപ്നം നടക്കില്ല എന്നതിന്റെ തെളിവാണ് ലോകമെമ്പാടും കമ്മ്യൂണിസം ഉപേക്ഷിച്ച ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം. ചെറുപ്പക്കാരില്‍ നിരീശ്വര വാദവും ഭൗതീക വാദവും അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢനീക്കമാണ് പ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്ന പാര്‍ട്ടിയുടെ നിലപാടുകളുടെ സമീപകാല ഉദാഹരണങ്ങളാണ് കക്കുകളി നാടകവും പാര്‍ട്ടി സെക്രട്ടറിയുടെ അനവസരത്തിലുള്ള പരാമര്‍ശവും.
പള്ളിയില്‍ പോകാത്ത ചെറുപ്പക്കാരും ക്രൈസ്തവ സമൂഹത്തിലെ മറ്റ് സെക്റ്റുകളില്‍ തന്നെയാണ് പോകുന്നത്. അല്ലാതെ അവര്‍ പാര്‍ട്ടി ബ്രാഞ്ചുകളിലേക്കല്ല പോകുന്നത്. അത് ന്യൂ ഏജ് സ്പിരിച്വാലിറ്റിയുടെ പ്രവണത ആണെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. 
 

Latest News