ജിദ്ദ - നേരത്തെ നൽകിയ ഓർഡറിന്റെ ഭാഗമായ രണ്ടു വിമാനങ്ങൾ കൂടി മധ്യപൗരസ്ത്യദേശത്തെ മുൻനിര വിമാന കമ്പനിയായ ഫ്‌ളൈ നാസിന് ലഭിച്ചു. എയർബസ് എ-320 നിയോ ഇനത്തിൽ പെട്ട വിമാനങ്ങളാണ് കമ്പനിക്ക് ലഭിച്ചത്. ഈ വർഷം കമ്പനിക്ക് ലഭിക്കുന്ന മൂന്നാമത്തെ ബാച്ച് വിമാനങ്ങളാണിവ. നേരത്തെ നൽകിയ ഓർഡർ പ്രകാരം ഫ്‌ളൈ നാസിന് ഈ വർഷം എയർബസ് കമ്പനിയിൽ നിന്ന് 19 വിമാനങ്ങൾ ലഭിക്കും. ദിവസങ്ങൾക്കു മുമ്പ് സമാപിച്ച പാരീസ് എയർഷോക്കിടെ എയർബസ് എ-320 നിയോ ഇനത്തിൽ പെട്ട 30 വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാർ ഫ്‌ളൈ നാസ് ഒപ്പുവെച്ചിരുന്നു. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. പുതുതായി രണ്ടു വിമാനങ്ങൾ കൂടി ലഭിച്ചതോടെ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 51 ആയി ഉയർന്നു.
ഈ വർഷം എയർബസ് കമ്പനിയിൽ നിന്ന് ഏഴു പുതിയ വിമാനങ്ങൾ ഇതുവരെ ഫ്‌ളൈ നാസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം എയർബസ് എ-330 ഇനത്തിൽ പെട്ടവയും അഞ്ചെണ്ണം എ-320 നിയോ ഇനത്തിൽ പെട്ടവയുമാണ്. രണ്ടു വർഷത്തിനിടെ ഫ്‌ളൈ നാസ് വിമാനങ്ങളുടെ എണ്ണം 96 ശതമാനം വർധിച്ചു. 2021 ആദ്യ പാദത്തിൽ കമ്പനിക്ക് 26 വിമാനങ്ങൾ മാത്രമാണുണ്ടായിരുന്നത്.
മേഖലാ, ആഗോള തലത്തിൽ മുൻനിര സ്ഥാനം നിലനിർത്താനുള്ള പ്രതിബദ്ധതയാണ് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് സൂചിപ്പിക്കുന്നതെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയായും മധ്യപൗരസ്ത്യദേശത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായും തുടർച്ചയായി ആറാം തവണയും ഫ്‌ളൈ നാസിനെ സ്‌കൈ ട്രാക്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്.
ദേശീയ വ്യോമയാന തന്ത്രം സാക്ഷാൽക്കരിക്കുന്നതിൽ പങ്കാളിത്തം വഹിക്കാനുള്ള ഫ്‌ളൈ നാസിന്റെ ശേഷി വർധിച്ചുവരികയാണ്. പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായും സൗദിയിൽ നിന്ന് നേരിട്ട് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ലേറെയായും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.
പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ 250 വിമാനങ്ങളായി ഉയർത്താൻ കമ്പനി ഡയറക്ടർ ബോർഡ് കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. പുതിയ ഓർഡറുകൾ മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയായി ഫ്‌ളൈ നാസിനെ മാറ്റും.
ഒറ്റ ഇടനാഴിയുള്ള, ലോകത്ത് ഏറ്റവും ഇന്ധനക്ഷമത കൂടിയ പുതിയ വിമാന മോഡലാണ് എയർബസ് എ-320 നിയോ. സുസ്ഥിരതാ, പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഫ്‌ളൈ നാസിന്റെ പ്രകടനം മെച്ചപ്പെടുത്താൻ പുതിയ വിമാനങ്ങൾ സഹായിക്കും. നിലവിൽ സൗദിയിലെയും വിദേശങ്ങളിലെയും 70 ലേറെ നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് പ്രതിവാരം 1,500 ലേറെ സർവീസുകൾ നടത്തുന്നുണ്ട്. 2007 ൽ സ്ഥാപിതമായതു മുതൽ ആറു കോടിയിലേറെ പേർ ഫ്‌ളൈ നാസ് വിമാന സർവീസുകളിൽ യാത്ര ചെയ്തിട്ടുണ്ട്. വിഷൻ 2030 ദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി 2030 ഓടെ സർവീസ് നടത്തുന്ന സൗദി, വിദേശ നഗരങ്ങളുടെ എണ്ണം 165 ആയി ഉയർത്താനാണ് ഫ്‌ളൈ നാസ് ലക്ഷ്യമിടുന്നത്.