അബുദാബി- വിദ്വേഷം പ്രചരിപ്പിച്ച വനിതക്ക് അബുദാബിയില്‍ അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച കേസില്‍ വിദേശ വനിതയെയാണ് അബുദാബി ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇവര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ യു.എ.ഇയില്‍ നിന്ന് നാടു കടത്താനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യം നടത്താന്‍ പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും സാമൂഹികമാധ്യമ അക്കൗണ്ട് എന്നെന്നേക്കുമായി ക്ലോസ് ചെയ്യാനും മൊബൈല്‍ ഫോണില്‍ നിന്നും സാമൂഹിക മാധ്യമ അക്കൗണ്ടില്‍ നിന്നും വിവാദ വീഡിയോ ഡിലീറ്റ് ചെയ്യാനും ഇന്റര്‍നെറ്റും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് പ്രതിക്ക് വിലക്കേര്‍പ്പെടുത്താനും കോടതി വിധിച്ചു. പൊതു മര്യാദകള്‍ക്കും ധാര്‍മികതക്കും വിരുദ്ധമായി പുരുഷന്മാരെയും ഗാര്‍ഹിക തൊഴിലാളികളെയും അപകീര്‍ത്തിപ്പെടുത്തുകയും വിദ്വേഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കോടതി വിധിയില്‍ പറയുന്നു.