എന്തെങ്കിലും ബോധവും വിവേകവും ഉള്ള എല്ലാ മലയാളികളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട ലജ്ജിപ്പിക്കേണ്ട ഒരു സംഗതിയാണ് ഇന്ന് ഷജിത്ത് ചന്ദ്രൻ എന്ന സംഘിയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കണ്ട തെറിയും ചൊറിയും നിറഞ്ഞ കോലാഹലങ്ങൾ.
ഷജിത്ത് എല്ലാ മര്യാദകളെയും കാറ്റിൽ പറത്തി സോഷ്യൽ മീഡിയയിൽ വിഷവമനം നടത്തിയ സംഘിയായ വിദ്യാസമ്പന്നനും ധനസമ്പന്നനുമായി കാണപ്പെട്ട ചെറുപ്പക്കാരൻ. അബ്ദുന്നാസർ മഅദനി രണ്ടാഴ്ച മുമ്പ് ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ "ചത്തോ" എന്ന് ആഭാസഭാഷയിൽ പോസ്റ്റിയ ആൾ. അതിനു മുമ്പും സമാനമായ പോസ്റ്റുകൾ തനിക്കിഷ്ടമില്ലാത്ത പലരെക്കുറിച്ചും ഇട്ട സംസ്കാരശൂന്യൻ. തനിക്കിഷ്ടമില്ലാത്ത എല്ലാവരുടെയും മരണം കാംക്ഷിച്ച ആൾ. സ്വാമി സന്ദീപാനന്ദഗിരിക്ക് അയാൾ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. കോടിയേരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു.
ബിന്ദു അമ്മിണി അടക്കം പല സ്ത്രീകളെയും അയാൾ അധിക്ഷേപിച്ചത് അതിനേക്കാൾ അറപ്പുണ്ടാക്കുന്ന ഭാഷയിൽ. ചുരുക്കത്തിൽ ലോകത്തെ വെറുപ്പും വിദ്വേഷവുമെല്ലാം മൊത്തത്തിൽ തന്റെ മനസ്സിലേക്ക് ആവാഹിക്കുകയും അത് ദിനേന ഛർദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന, ബാഹ്യവേഷങ്ങളിൽ സംസ്‌കൃതമധ്യവർഗ്ഗമോടികളുള്ള ഒരാഭാസൻ. അസ്സൽ സംഘി എന്ന് പറഞ്ഞാൽ മതിയല്ലോ.
അയാൾ പക്ഷെ ഇന്ന് ഹൃദയസ്തംഭനം വന്നുമരിക്കുന്നു. താൻ കൊലവിളി നടത്തിയവരെല്ലാം ജീവിച്ചിരിക്കുമ്പോൾത്തന്നെ. അയാളുടെ അടുപ്പക്കാർ അനുശോചനസന്ദേശങ്ങൾ പോസ്റ്റുന്നു. ആ പോസ്റ്റുകളുടെ താഴെ അയാൾ പറഞ്ഞതിനേക്കാൾ ആഭാസങ്ങളുമായി മുസ്ലിംപേരുള്ള കുറെ പേർ നൂറുക്കണക്കിന് കമന്റുകളിടുന്നു.
അമ്മപെങ്ങന്മാരെക്കുറിച്ച് ലൈംഗികാതിപ്രസരമുള്ള ചീത്തവിളികൾ, പച്ചത്തെറികളുടെ ലാവാപ്രവാഹം, കൂട്ടത്തിൽ ഇയാളുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന കുറെ സഖാക്കളും അപൂർവം കോൺഗ്രസ്സുകാരും. ചില സംഘികളും മുസ്ലിംകളും തമ്മിൽ അമ്മപെങ്ങൾ തെറിയുടെ പരസ്പരശരവർഷം. സംസ്കാരശൂന്യരുടെ ഈ മഹാഗോദയിൽ വിവേകമുപദേശിക്കുന്ന ഹിന്ദുക്കളും മുസ്ലിംകളുമായ ചില സുമനസ്സുകൾ നിസ്സഹായരാകുന്നതും കാണാം.
ദൈവമേ പേടിയാവുന്നു. എവിടെ നിന്നാണ് ഇത്രയേറെ വെറുപ്പും പകയും നമുക്കിടയിൽ നിറഞ്ഞത്? ഇതിനെ പ്രതിരോധിക്കുന്ന, രാഷ്ട്രീയമതസ്വത്വങ്ങൾക്കതീതമായ കൂട്ടായ്മകൾ അനിവാര്യമാണ്. ഇല്ലെങ്കിൽ നമുക്ക് ജീവിക്കാനാവില്ല നാരായണഗുരുവിന്റെ സ്വന്തം നാട്ടിൽ.
ഈ വിഷമെല്ലാം സോഷ്യൽമീഡിയയിൽ നിന്ന് നമ്മുടെ തെരുവുകളിലേക്ക് സംക്രമിക്കാനും കേരളം കത്തിച്ചാമ്പലാവാനും വലിയ പ്രകോപനമൊന്നും വേണ്ടിവരില്ല.