Sorry, you need to enable JavaScript to visit this website.

മനുഷ്യപറ്റുള്ള ഭാഷയും പ്രയോഗങ്ങളും ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകത- ഡോ.സലീല്‍ ഹസന്‍

ദോഹ-അറിയപ്പെടുന്ന സാഹിത്യത്തിന് വഴങ്ങാത്ത ഭാഷയും പ്രയോഗങ്ങളുമാണ്  ബഷീര്‍ സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പ്രശസ്ത ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ഡോ.സലീല്‍ ഹസന്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ ഓര്‍മദിനത്തില്‍  മീഡിയ പഌ് സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ കാലഘട്ടത്തിന് പരിചയമില്ലാത്ത മനുഷ്യപറ്റുള്ള ഭാഷയും പ്രയോഗങ്ങളും ധൈര്യപൂര്‍വം പ്രയോഗിച്ച് ഭാഷയില്‍ വിസ്മയം സൃഷ്ടിച്ച മഹാനാണ് ബഷീര്‍. സാഹിത്യത്തിലെ കലാപാത്രങ്ങളും നായിക നായകന്മാരും സമൂഹത്തിലെ എല്ലാ തട്ടുകളില്‍ നിന്നുമാകാമെന്ന് പ്രയോഗത്തിലൂടെ കാണിച്ചത് ബഷീറായിരുന്നു. കുശിനിക്കാരനും പ്യൂണും വേശ്യകളുമെന്നല്ല സമൂഹത്തിലെ എല്ലാ രംഗത്തുള്ളവര്‍ക്കും കഥാപാത്രങ്ങളാകാമെന്ന് ബഷീര്‍ തെളിയിച്ചു. പച്ചയായ മനുഷ്യയാഥാര്‍ഥ്യങ്ങളിലേക്ക് കഥയേയും സാഹിത്യത്തേയും കൊണ്ടുവന്നാണ് ബഷീര്‍ ഉയര്‍ന്നു നില്‍ക്കുന്നത്- അദ്ദേഹം പറഞ്ഞു.
ബഡുക്കൂസ്, ബുദ്ദൂസ്, ഇമ്മിണി ബല്യ ഒന്ന് തുടങ്ങി നിരവധി പുതിയ വാക്കുകളും പ്രയോഗങ്ങളുമാണ് ബഷീര്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ചത് . തീക്ഷ്ണമായ അനുഭവങ്ങളും യാത്രകളുമൊക്കെയാകാം ബഷീറിനെ ഇത്തരം മികച്ച രചനകള്‍ക്ക് സഹായിച്ചത്. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിറഞ്ഞാടിയ മഹാനായ ബഷീര്‍ സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഇന്നും വിസ്മയമാണ് . സാധാരണഗതിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പദപ്രയോഗങ്ങള്‍ ബഷീറിന്റെ തൂലികയിലൂടെ ആവിഷ്‌ക്കരിക്കുമ്പോള്‍ ഹാസ്യാത്മകമായ അനുഭവമായി മാറുമെന്നതാണ് യാഥാര്‍ഥ്യം.
ദാര്‍ശനികനും സ്യാതന്ത്ര്യ സമര സേനാനിയും മാനവികനുമായ ബഷീറിന്റെ രചനകള്‍ ഇനിയും കൂടുതല്‍ വായിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വമുള്ള അനുരാഗത്തിന്റെ മതാതീതമായ സ്‌നേഹത്തിന്റെ ഉജ്വലമാതൃക സമ്മാനിച്ച ബഷീറിയന്‍ കൃതികളുടെ സമകാലിക പ്രസക്തി വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ദോഹ മുന്‍ അധ്യക്ഷനും നോര്‍ക്ക റൂട്‌സ് ഡയറക്‌റുമായ സി.വി.റപ്പായി പരിപാടി ഉദ്ഘാടനം ചെയ്തു . ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.എന്‍.ബാബുരാജന്‍ , ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, സാംസ്‌കാരിക പ്രവര്‍ത്തകരായ ബിജു പി. മംഗലം, ജയകുമാര്‍ മാധവന്‍ ,ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല , ലോക കേരള സഭ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ കെ.എം.സിസി ട്രഷറര്‍ ഹുസൈന്‍  എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു

 

Latest News