കൊച്ചി- പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ബെംഗളൂരുവിലേക്ക് യാത്ര തിരിക്കും. കേരള സന്ദർശനത്തിന് കർണാടക കോടതി അനുവദിച്ച സമയ പരിധി അവസാനിച്ചതിനെ തുടർന്നാണ് രോഗിയായ പിതാവിന കാണാനാകാതെ അദ്ദേഹം മടങ്ങുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിയുടെ ഡിസ്ചാർജ് എഴുതി വാങ്ങി. ആരോഗ്യ നിലയിൽ മാറ്റമില്ലാത്തതിനാൽ ആശുപത്രി വിടരുതെന്നാണ് മെഡിക്കൽ സംഘത്തിന്റെ നിർദേശമുണ്ടായിരുന്നു. രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാർഗം പുറപ്പെടും.
കർണാടക കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാൻ കേരളത്തിലെത്തിയ മഅ്ദനി 11 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്മേൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി കഴിഞ്ഞ 27നാണ് ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തിയത്. റോഡ് മാർഗം പിതാവിനെ കാണാൻ സ്വദേശമായ ശാസ്താംകോട്ടയിലുള്ള കുടുംബ വസതിയിലേക്കുള്ള യാത്രാ മധ്യേ ശാരീരികാസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് തുടർന്നുള്ള യാത്രകൾ റദ്ദാക്കി. പിതാവിനെ കാണണമെന്നാഗ്രഹം ബാക്കി വെച്ചാണ് മഅ്ദനി ബെംഗളൂരുവിലേക്ക് തിരിക്കുന്നത്.
ഇരു വൃക്കകളും തകരാറായതിനെ തുടർന്ന് ക്രിയാറ്റിൻ ലെവൽ 10.6ൽ എത്തിയതിനാൽ നിലവിൽ ഡയാലിസിസ് ചെയ്യാനും കഴിയാത്ത അവസ്ഥയാണെന്ന് സർക്കാർ നിയോഗിച്ച ഉന്നത മെഡിക്കൽ സംഘം കണ്ടെത്തിയിരുന്നു. എം എൽ എമാരായ ടി ജെ വിനോദ്, ഉണ്ണികൃഷ്ണൻ, കെ ടി ജലീൽ, കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ, അഡ്വ. ജനറൽ വി കെ ബീരാൻ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ദഅ്വാ ഡയറക്ടർ വി എച്ച് അലി ദാരിമി, സംസ്ഥാന സമിതിയംഗം സി എ ഹൈദ്രോസ് ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രഡിഡന്റ് കെ പി അബൂബക്കർ ഹസ്റത്ത് തുടങ്ങിയവർ മഅ്ദനിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.