- ക്രൊയേഷ്യ-ഫ്രാൻസ്, ഞായർ, വൈകു: 6.00
മോസ്‌കൊ - അട്ടിമറികളും അദ്ഭുതങ്ങളും ഒരുപാട് കണ്ട ലോകകപ്പിൽ യുവത്വത്തുടിപ്പും അനുഭവ സമ്പത്തും തമ്മിലുള്ള കലാശപ്പോരാട്ടം. ഒരുവശത്ത് കീലിയൻ എംബാപ്പെയുടെ വേഗവും ഊർജസ്വലതയും. മറുവശത്ത് ലൂക്ക മോദ്‌റിച്, ഇവാൻ റാകിറ്റിച്, ഇവാൻ പെരിസിച്, മാരിയൊ മൻസൂകിച് പ്രതിഭകളുടെ പ്രതിഭാ സമ്പത്ത്. ഫ്രഞ്ച് നിരയിലുള്ളത് ലോക ഫുട്‌ബോളിലെ വിലയേറിയ താരങ്ങളാണ്. ക്രൊയേഷ്യയുടെ വെറ്ററൻ താരങ്ങൾ ഒരുപാട് പോരാട്ടങ്ങൾ കണ്ടു ശീലിച്ചവരാണ്, സാധ്യതകളുടെ അതിർത്തികൾ ഭേദിച്ചാണ് അവർ രണ്ട് ഷൂട്ടൗട്ടുകളും ഒരു എക്‌സ്ട്രാ ടൈമും അതിജീവിച്ചത്. അവസാന ശ്വാസം വരെ പൊരുതാനുള്ള മനക്കരുത്തുണ്ട് അവർക്ക്. രണ്ട് ഷൂട്ടൗട്ടുകളുടെ ക്ഷീണത്തിലായിരിക്കും ക്രൊയേഷ്യ സെമിയിലേക്ക് വരികയെന്നാണ് ഇംഗ്ലണ്ട് കളിക്കാർ കരുതിയത്. എന്നാൽ ക്രൊയേഷ്യൻ കളിക്കാർ ഒരു മന്ത്രമുരുവിട്ടാണ് മത്സരത്തിനെത്തിയതെന്ന് മോദ്‌റിച് വെളിപ്പെടുത്തി. 'നമുക്ക് നോക്കാം, ആരാണ് ക്ഷീണിച്ചതെന്ന്' എന്നതായിരുന്നു ആ മന്ത്രം.
32 വയസ്സായ മോദ്‌റിച്ചിനും മൻസൂകിച്ചിനും ഇത് അവസാന അവസരമാണ്. 1998 ൽ അരങ്ങേറ്റത്തിൽ സെമിയിലെത്തി വൻ പ്രതീക്ഷ സൃഷ്ടിച്ച ശേഷം ക്രൊയേഷ്യ നിരാശപ്പെടുത്തുകയായിരുന്നു. 2010 ൽ യോഗ്യത നേടിയതു പോലുമില്ല. മറ്റു മൂന്നു തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 1998 ൽ സെമിയിൽ തങ്ങളെ തോൽപിച്ചതിന് ഫ്രാൻസിനോട് പ്രതികാരം ചോദിക്കാൻ ക്രൊയേഷ്യക്ക് കിട്ടുന്ന അവസരമാണ് ഇത്.