കണ്ണൂർ - മലപ്പുറം മുണ്ടുപറമ്പിൽ തളിപ്പറമ്പ് സ്വദേശിനി ഉൾപ്പെട്ട കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് മാരക രോഗം സംബന്ധിച്ച ഭീതിയെന്ന് സൂചന. അത്മഹത്യ ചെയ്ത തളിപ്പറമ്പ് വരഡൂൽ സ്വദേശിനി ഷീന, ഈ രോഗം സംബന്ധിച്ച് അടുത്ത ബന്ധുക്കളിൽ ചിലരോട് സൂചന നൽകിയിരുന്നു.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷും ഭാര്യ മുയ്യം വരഡൂൽ സ്വദേശിനി ഷീനയുമാണ് മക്കളെ വിഷം നൽകി കൊലപ്പെടുത്തി ജീവനൊടുക്കിയത്. മാരക രോഗമായ ഡുഷൻ മസ്‌കുലർ ഡിസ്‌ട്രോഫിയെക്കുറിച്ചുള്ള ആധിയാണ് കൂട്ട ആത്മഹത്യയ്ക്ക് വഴിവെച്ചതെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. ഇളയ കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മൂത്ത കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ മാതാപിതാക്കളുടെയും ഈ കുട്ടിയുടെയും വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നതായി ബന്ധുകൾ പറയുന്നു.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡി.എം.ഡി എന്ന ഈ അസുഖം. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്നാണ് സംശയിക്കുന്നത്.
സന്തോഷകരമായ കുടുംബ ജീവിതമാണിവർ നയിച്ചിരുന്നത്. സാമ്പത്തികമായും നല്ല നിലയിലായിരുന്നു. അതിനിടയിലാണ് ഇളയ കുട്ടിയുടെ അസുഖം തിരിച്ചറിഞ്ഞത്. എന്നാൽ അത് ദമ്പതികളെ തളർത്തിയിരുന്നില്ല. ചികിത്സയിലൂടെ കുട്ടിയെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയും ഇവർക്കുണ്ടായിരുന്നു. എന്നാൽ മൂത്ത കുട്ടിക്കും അതേ അസുഖ ലക്ഷണങ്ങൾ കണ്ടതോടെ - ദമ്പതികൾ തളർന്നുപോവുകയായിരുന്നു. എങ്കിലും രോഗവിവരം അധികമാരുമായും പങ്കുവെക്കാൻ ഇവർ തയ്യാറായിരുന്നില്ല. ബന്ധുക്കളിൽ ഏറ്റവുമടുത്ത ചിലരോട് മാത്രമാണ് രോഗം സംബന്ധിച്ച ചില സൂചനകൾ നൽകിയത്.
കഴിഞ്ഞാഴ്ചയും ദമ്പതികൾ മക്കൾക്കൊപ്പം വരഡൂലിലെ വീട്ടിൽ എത്തിയിരുന്നു. അന്നും ഇരുവരുടെയും പെരുമാറ്റത്തിൽ വീട്ടുകാർക്ക് അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. ബാങ്കിലെ കാസർക്കോട് ശാഖയിൽ ചുമതലയേറ്റശേഷം വീണ്ടും വരാമെന്ന് പറഞ്ഞാണ് ഷീന ഭർത്താവിനും മക്കൾക്കുമൊപ്പം യാത്രയായത്. എന്നാൽ അത് തിരിച്ചുവരാത്ത യാത്രയാകുമെന്ന് വരഡൂലിലെ വീട്ടുകാർ അറിഞ്ഞിരുന്നില്ല.
വരഡൂൽ ലക്ഷ്മിനാരായണ ക്ഷേത്ര കവാട ത്തിന് നേർ എതിർവശമാണ് ഷീനയുടെ തറവാട് വീട്. ചെക്കിയിൽ നാരായണൻ പരിയാരം വീട്ടിൽ ജാനകി ദമ്പതികളുടെ മകളാണ് ഷീന. അഡ്വ. സതീശൻ പബ്ലിക് പ്രോസിക്യൂട്ടർ, കണ്ണൂർ), സോന(ക്ലാർക്ക് കെ. എസ്.ആർ.ടി.സി, കണ്ണൂർ) എന്നിവരാണ് ഷീനയുടെ സഹോദരങ്ങൾ. കഴിഞ്ഞ അർദ്ധരാത്രിയാണ് ദുരന്തവാർത്ത വീട്ടിലെത്തിയത്. ഷീനയുടെ അച്ഛൻ നാരായണനും അമ്മ ജാനകിയും സഹോദരിയും ബന്ധുക്കളും ഈ വാർത്തയറിഞ്ഞ് മാനസികമായി തകർന്ന നിലയിലാണ്. സംഭവമറിഞ്ഞ് നാട്ടുകാരും ഞെട്ടലിലാണ്. ഷീന നാട്ടുകാർക്കൊക്കെ സുപരിചിതയാണ്. ഷീനക്കൊപ്പം വീട്ടിലെത്തിയാൽ സബീഷും നാട്ടുകാരുമായി സൗഹൃദത്തിലാകാറുണ്ട്. കുടുംബത്തിന് സംഭവിച്ച ദുരന്തം വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. സംഭവമറിഞ്ഞ് രാത്രി മുതൽ തന്നെ നാട്ടുകാർ ആശ്വാസവാക്കുകളുമായി വരഡൂലിലെ വീട്ടിൽ എത്തുന്നുണ്ട്.