ജിദ്ദ - ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലിടങ്ങളിൽ സംസം ബോട്ടിൽ വിൽപന കേന്ദ്രങ്ങളുള്ളതായി എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്ന ഹജ് തീർഥാടകർക്ക് ഇവിടങ്ങളിൽ നിന്ന് സംസം ബോട്ടിലുകൾ വാങ്ങാൻ സാധിക്കും. ഒന്നാം നമ്പർ ടെർമിനലിൽ എ-1 ടെർമിനലിനകത്തും ബി-2, സി-2 ഗെയ്റ്റുകൾക്ക് പുറത്തും സംസം ബോട്ടിൽ വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നോർത്ത് ടെർമിനലിൽ നാലാം നമ്പർ കവാടത്തിനു പുറത്തും സംസം ബോട്ടിലുകൾ വാങ്ങാൻ കിട്ടും.
സംസം ബോട്ടിൽ ബാഗേജുകൾക്കൊപ്പം വിമാനങ്ങളുടെ ലഗേജ് ഹോൾഡറുകളിലാണ് കയറ്റാൻ അനുവദിക്കുക. യാത്രക്കാരുടെ ക്യാബിനിൽ സംസം ബോട്ടിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. ലഗേജുകൾക്കൊപ്പം വിമാനത്തിൽ കയറ്റാൻ പ്രത്യേകം തയാറാക്കിയ ബോട്ടിലുകളിലായിരിക്കണം സംസം എന്നും വ്യവസ്ഥയുണ്ട്. ഹജ് തീർഥാടകരെ ഒരു സംസം ബോട്ടിൽ വീതം വിമാനത്തിൽ കൊണ്ടുപോകാനാണ് അനുവദിക്കുക.