തിരുവനന്തപുരം- ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടിരിക്കുകയാണ്. ബ്രയിൻ ഈറ്റിംഗ് അമീബ അഥവാ തലച്ചോറ് തിന്നുന്ന അമീബയുടെ ആക്രമണത്തിലാണ് പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം ബാധിച്ച ഗുരുദത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇത് ഗുരുതര രോഗമാണെന്നും രോഗം വരാനുള്ള സഹചര്യങ്ങളിൽനിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണമെന്നും ഡോക്ടർമാർനിർദ്ദേശിക്കുന്നുണ്ട്. ഈ അസുഖം ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ വിരളമാണ്.
മഴയിലും മറ്റും രൂപപ്പെടുന്ന ചെളിവെള്ളത്തിൽനിന്നാണ് ഈ അമീബ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് തലച്ചോറിൽ എത്തുക. ഈ വൈറസ് തലച്ചോറിൽ എത്തിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
മലിനമായ ജലത്തിൽ ഈ അമീബ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെളിവെള്ളത്തിൽ ഇത് സാധാരണയായി കാണും. മലിനമായ കുളത്തിലെ കുളിയും അത്തരം വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും ഒഴിവാക്കുക. നല്ല വെള്ളത്തിൽ കുളിക്കുക.
അനാവശ്യമായി പുഴയിലും മറ്റു കുളത്തിലും കുളിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു. മലിന ജലം ഉപയോഗിച്ച് മുഖം കഴുകുന്നതും ഒഴിവാക്കണം.
പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ബോധത്തിനും വ്യത്യാസം വരും. ഇങ്ങിനെയുള്ള എന്തെങ്കിലും ലക്ഷണങ്ങളുണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു. അതേസമയം ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
കഴിഞ്ഞ ഞായറാഴ്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗുരുദത്ത്. വീട്ടിന് സമീപത്തെ തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് അണുബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.