അബുദാബി- മലപ്പുറം മേല്‍മുറി സ്വദേശിയും അബൂദാബി പ്രവാസിയുമായ കൂരിമണ്ണില്‍ ഹസ്‌ക്കര്‍ അലിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. 2010ല്‍ പ്രവാസം ആരംഭിച്ചതു മുതല്‍ സാമൂഹ്യ സേവനത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് യുഎഇ ഗവണ്‍മെന്റിന്റെ അംഗീകാരമായി ഗോള്‍ഡന്‍ വിസ തേടിയെത്തിയത്. കോവിഡ് 19 വ്യാപന കാലത്ത് കോവിഡ് വാക്‌സിന്‍ പരീക്ഷണ ഡോസ് സ്വീകരിക്കാന്‍ സന്നദ്ധനായ ആദ്യ മലയാളി എന്ന നിലയില്‍ ശ്രദ്ധേയനാണ് ഹസ്‌ക്കര്‍ അലി.
അബൂദാബി പോലീസിലെ കമ്യൂണിറ്റി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ 'വി ഓള്‍ ആര്‍ പോലീസ്' സംരംഭത്തിലെ സജീവ വളണ്ടിയര്‍ ആയ ഹസ്‌ക്കര്‍ അലി 2019ലെ കമ്യൂണിറ്റി പോലീസ് എക്‌സലന്‍സി അവാര്‍ഡ് ജേതാവ് കൂടിയാണ്.
ലോകത്ത് ആദ്യമായി ചൈനയുടെ കോവിഡ്-19 നിഷ്‌ക്രിയ വാക്‌സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബൂദാബിയില്‍ ആരംഭിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടന്‍ സ്വയം പരീക്ഷണ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകുകയും പദ്ധതി വിജയകരമാകുകയും ചെയ്തിരുന്നു.മലപ്പുറം മേല്‍മുറി ഇരുപത്തേഴിങ്ങല്‍ കൂരിമണ്ണില്‍ ഹംസയുടെയും പരേതയായ ആസ്യയുടെയും മകനാണ് ഹസ്‌ക്കര്‍. ഭാര്യ സുനൈന. അബൂദാബി എയര്‍പോര്‍ട്ടില്‍ ഇത്തിഹാദ് എയര്‍വേസ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാരനായിരുന്ന ഹസ്‌ക്കര്‍ അബൂദാബിയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയാണ് ഇപ്പോള്‍.