തിരുവനന്തപുരം- നടനും ബി.ജെ.പിക്കാരനുമായ ഭീമൻ രഘു സി.പി.എമ്മിൽ ചേർന്നു. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തിയാണ് രഘു സി.പി.എമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഭീമൻ രഘുവിനെ ചുവപ്പുഷാളണിയിച്ച് സ്വീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രഘുവിനെ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു ഭീമൻ രഘു. ബി.ജെ.പിക്ക് വേണ്ടി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും എന്നാൽ ആ പാർട്ടിയിൽ പ്രവർത്തിനാകില്ലെന്നും ഭീമൻ രഘു പറഞ്ഞു.
പത്തനാപുരത്ത് തെരഞ്ഞെടുപ്പ് കാലത്ത് മത്സരിക്കുന്ന സമയത്ത് സുരേഷ് ഗോപിയോട് പ്രചാരണത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ലെന്നും ഭീമൻ രഘു പറഞ്ഞു. താഴേക്കിടയിൽ ജോലി ചെയ്യാൻ ബി.ജെ.പി തയ്യാറായില്ല.തന്റെ പ്രയത്‌നം കൊണ്ടാണ് 13000 വോട്ടുകൾ പത്തനാപുരത്ത് ബി.ജെ.പിക്ക് നേടാനായത്. പത്തനാപുരം തെരഞ്ഞെടുപ്പിന് ശേഷം തന്നെ ബി.ജെ.പി വിടാൻ തീരുമാനിച്ചുവെന്നും ഇപ്പോഴാണ് അതിന്റെ സമയം വന്നതെന്നും അദ്ദേഹം പറഞ്ഞു. ലിഖിതമായ ഭരണഘടനയിലാണ് സി.പി.എം പ്രവർത്തിക്കുന്നതെന്നും അതിനാലാണ് ഈ പാർട്ടിയിൽ ചേരുന്നതെന്നും ഭീമൻ രഘു വ്യക്തമാക്കി.
അടുത്തിടെ, സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബി.ജെ.പിയിൽനിന്ന് നേരിട്ടതെന്നു രാജസേനൻ വെളിപ്പെടുത്തിയിരുന്നു.