ദമാം- ഒരു വർഷം മുൻപ് അൽകോബാർ ദോഹയിലുള്ള സൗദി ഭവനത്തിലേക്ക് ഹൗസ് ഡ്രൈവറായി ജോലിക്കെത്തുമ്പോൾ ഒട്ടേറെ പ്രതീക്ഷകളാണ് റഫീഖ് സെയ്ദുകുട്ടി എന്ന മലയാളി യുവാവിന് ഉണ്ടായിരുന്നത്. കുടുംബത്തെ സാമ്പത്തിക പ്രയാസങ്ങളിൽനിന്നു കരകയറ്റാൻ കഴിയുമെന്ന ആഗ്രഹം കാരണമാണ് ഒരു ഏജന്റ് നൽകിയ വിസയിൽ റഫീഖിനെ പ്രവാസ ഭൂമിയിലെത്തിച്ചത്. എന്നാൽ ജോലിസ്ഥലത്ത് ദുരിതങ്ങൾ മാത്രമാണ് അയാളെ കാത്തിരുന്നത്. എന്ത് ചെയ്യണമെന്നറിയാതെ, ആരോട് പരാതി പറയണമെന്നറിയാതെ ബുദ്ധിമുട്ടിയപ്പോൾ നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായഹസ്തം അയാളെത്തേടിയെത്തി. ഇവരുടെ സഹായത്തോടെ നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
എറണാകുളം കോതമംഗലം നെല്ലുകുഴി സ്വദേശിയായ റഫീഖ് സെയ്ദുകുട്ടിക്കാണ് പ്രവാസ ജോലി ഒരു ദുഃസ്വപ്‌നം പോലെയായി മാറിയത്. ഡ്രൈവിംഗ് ജോലിക്ക് പുറമെ ആ വീട്ടിലെ ശുചീകരണ പണികൾ മുഴുവൻ അയാൾക്ക് ചെയ്യേണ്ടി വന്നു. ദിവസവും വീട്ടിലെ നാലു കാറുകൾ കഴുകുക, അടുക്കളയും പുറവും വൃത്തിയാക്കുക, സ്വിമ്മിംഗ്പൂൾ, സ്‌റ്റെയർകേയ്‌സ്, ടെറസ് എന്നിവ വൃത്തിയാക്കുക തുടങ്ങി വിശ്രമമില്ലാതെ പണിയെടുപ്പിച്ചപ്പോൾ റഫീഖ് ആരോഗ്യപരമായി തളർന്നു. കൂടാതെ സ്‌പോൺസറുടെ ഉടമസ്ഥതയിലുള്ള ഒരു അഞ്ചുനില ബിൽഡിംഗിലുള്ള ഫഌറ്റുകളും അയാൾക്ക് വൃത്തിയാക്കേണ്ടി വന്നു. തനിക്ക് ഇങ്ങനെ വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലെന്നു പരാതി പറഞ്ഞിട്ടും സ്‌പോൺസർ റഫീഖിനെക്കൊണ്ട് നിർബന്ധിച്ചു ജോലി ചെയ്യിക്കുകയായിരുന്നു.
അടുത്ത വീട്ടിൽ ജോലി ചെയ്യുന്ന മലയാളി ഹൗസ് ഡ്രൈവറുടെ ഉപദേശമനുസരിച്ച് റഫീഖ്, നവയുഗം സാംസ്‌കാരികവേദി തുഖ്ബ മേഖല സെക്രട്ടറി ദാസൻ രാഘവനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. വസ്തുതകൾ മനസ്സിലാക്കിയ അദ്ദേഹം കേസ് നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബുകുമാറിനെ ഏൽപിച്ചു. ഷിബുകുമാറിന്റ സഹായത്തോടെ, സ്‌പോൺസർ അറിയാതെ ലേബർ കോടതിയിൽ എത്തിയ റഫീഖ്, സ്‌പോൺസർക്കെതിരെ കേസ് നൽകി. ലേബർ ഓഫീസറുടെ മുന്നിൽ റഫീഖിനെ എത്തിച്ചപ്പോൾ, എംബസി വളണ്ടിയർ സൈദിന്റെ സഹായത്തോടെ, അയാളുടെ അവസ്ഥ, മൊബൈലിൽ ചിത്രീകരിച്ച വീഡിയോ തെളിവുകൾ സഹിതം ലേബർ ഓഫീസറെ ബോധ്യപ്പെടുത്താൻ ഷിബുകുമാറിന് കഴിഞ്ഞു. കാര്യങ്ങൾ ബോധ്യമായ ലേബർ ഓഫീസ്, അടുത്ത ദിവസം തന്നെ സ്‌പോൺസറെ കോടതിയിൽ വിളിച്ചു വരുത്തി. റഫീഖിന് ഒരാഴ്ചക്കുള്ളിൽ ഫൈനൽ എക്‌സിറ്റ് നൽകി നാട്ടിലേക്ക തിരിച്ചയക്കാൻ ഉത്തരവിട്ടു. അടുത്ത ദിവസം തന്നെ സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് നൽകുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.