തിരുവനന്തപുരം - പ്രായപൂർത്തിയാകാത്ത മകളെ 1500 രൂപയ്ക്ക് യുവാവിന് കൈമാറിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവും പെൺസുഹൃത്തും അമ്മയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ട്രെയിനിൽ വച്ചാണ് യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലായത്. തുടർന്ന് 1500 രൂപ നൽകി 13-കാരിയായ മകളെ ഇയാൾ ഏറ്റെടുത്തു. തുടർന്ന് കാട്ടക്കടയിലെത്തിയ യുവാവ് ലോഡ്ജിൽ മുറിയെടുത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് നെയ്യാർ ഡാമിലെ സ്വന്തം വീട്ടിലും പെൺസുഹൃത്തിന്റെ കാട്ടാക്കടയിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.
കാട്ടക്കടയിലെ വീട്ടിൽ വച്ച് പെൺസുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കാട്ടാക്കട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ ചോദ്യംചെയ്ത് ഇതിൽ മറ്റു കണ്ണികൾ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.