ന്യൂദല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിട്ടതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഖലിസ്ഥാന്‍ അനുയായികളുടെ പോസ്റ്ററുകള്‍. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ജൂലൈ എട്ടിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നു പറയുന്നു.
ഹൈക്കമ്മീഷണര്‍ വിക്രം കെ. ദൊരൈസ്വാമി, ബര്‍മിംഗ്ഹാമിലെ കൗണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഡോ. ശശാങ്ക് വിക്രം എന്നീ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പേരുകള്‍ ഖലിസ്ഥാന്‍ 'കില്‍ ഇന്ത്യ' റാലിയുടെ പോസ്റ്ററില്‍ പരാമര്‍ശിക്കുന്നു. 'വാന്‍കൂവറിലെ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയാളികളുടെ മുഖങ്ങള്‍' എന്ന് ലേബല്‍ ചെയ്താണ് പോസ്റ്ററുകളിലുള്ളത്.
കാനഡയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാര സാഹിബിന്റെ പാര്‍ക്കിംഗ് ലോട്ടിലാണ് ജൂണ്‍ 18ന് രണ്ട് അജ്ഞാതര്‍ നിജ്ജാറിനെ വെടിവെച്ച് കൊന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവിയായിരുന്നു നിജ്ജാര്‍.