Sorry, you need to enable JavaScript to visit this website.

കൊച്ചിയെ ഞെട്ടിച്ച് ഫ്ളാറ്റില്‍ കൊല; മനോരോഗിയായ മകൻ അമ്മയെ വെട്ടിക്കൊന്നു, നോക്കുകുത്തിയായി പോലീസ്

കൊച്ചി -മാനസിക രോഗിയായ മകൻ വൃദ്ധമാതാവിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്‌ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (70) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ(42) മരട് പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയും മകനും മാത്രം താമസിക്കുന്ന വീട്ടിൽ വ്യാഴാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞെത്തിയ പോലീസിന് ബലമേറിയ വാതിൽ തകർത്ത് അകത്തു കയറാൻ കഴിയാതെ വന്നതിനെ തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തി ജനൽ തകർത്തപ്പോൾ കൈയിൽ വെട്ടുകത്തിയുമായി അക്രമാസക്തനായി നിൽക്കുന്ന വിനോദിനെയാണ് കാണുന്നത്. വാതിൽ തകർക്കാൻ ശ്രമം തുടങ്ങിയതോടെ ഇയാൾ വീട്ടിലുള്ള ഫർണീച്ചറുകൾ വാതിലിനോട് ചേർത്തിട്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. അടുക്കളയിലെ ഗ്യാസ് സിലിറണ്ടർ തുറന്നിട്ടു. വാതിൽ തകർത്തിട്ടും പോലീസിനെ അടുപ്പിക്കാതെ ഉള്ളിലുള്ള സാധനങ്ങൾ പോലീസിന് നേരെ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ പരിസരത്തുള്ള ഒരാളാണ് ഒടിക്കയറി വിനോദിനെ പിടിച്ചത് ഇതോടെ പോലീസും കുതിച്ചെത്തി ഇയാളെ കീഴടക്കി. ഈ സമയത്ത് മുറിക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു അച്ചാമ്മയുടെ മൃതദേഹം. മുഖവും രഹസ്യഭാഗങ്ങളുമടക്കം വെട്ടി വികലമാക്കിയിരുന്നു.

പോലീസ് എത്തിയശേഷം കടന്നു പോയ രണ്ടു മണിക്കൂറിനുള്ളിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് അനുമാനം. പോലീസ് അവസരോചിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അച്ചാമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലറും മരട് നഗരസഭാ ചെയർമാനും ആരോപിച്ചു. രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷൻ കൗൺസിലർ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പോലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്‌നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ചു പോലീസ് മടങ്ങി. വൈകിട്ടായതോടെ വീടിനുള്ളിൽനിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ കൗൺസിലർ വീണ്ടും അറിയിച്ചതനുസരിച്ചാണ് പോലീസ് വീണ്ടുമെത്തിയത്. വീടിന്റെ വാതിൽ തകർക്കുന്നതിന് പോലീസ് മടിച്ചു നിന്നു. ആരെങ്കിലും പരാതി എഴുതിനൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നും താൻ അപ്പോൾ തന്നെ പരാതി എഴുതി നൽകിയെന്നും റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. ആറു മണിയോടെ പോലീസ് എത്തിയെങ്കിലും എട്ടു മണിയോടെയാണ് വാതിൽ തകർത്ത് അകത്തു കടക്കാനായത്.

അമ്മയും മകനും തമ്മിൽ കലഹം പതിവാണെങ്കിലും ദേഹോപദ്രവമേൽപിച്ചതായി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അടുത്തുള്ള താമസക്കാർ പറയുന്നു. അക്രമാസക്തനായാൽ വീട്ടിലുള്ള സാധനങ്ങൾ എറിഞ്ഞുടക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. അടുത്തിടെയാണ് മാനസികരോഗാശുപത്രിയിൽ നിന്ന് ഇയാളെ വീട്ടിൽ തിരിച്ചുകൊണ്ടുവന്നത്.
 

Latest News