ദമാം- ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം.
രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറു കണക്കിന് ജനവിഭാഗങ്ങളുണ്ട്. അതില്ലാതാക്കി വർണാശ്രമ വ്യവസ്ഥയ്ക്കു കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം തള്ളിക്കളയും. 2024 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഏകീകൃത സിവിൽ കോഡ് മുന്നോട്ട് വെക്കുന്നത് ആ ഐക്യത്തെ തുരങ്കം വെക്കാനുള്ള തന്ത്രമാണ്. ചില പ്രതിപക്ഷ പാർട്ടികൾ ഈ ചൂണ്ടയിൽ പോയി കൊത്തിയിട്ടുമുണ്ട്. ഈ ഗൂഢ തന്ത്രം തിരിച്ചറിയാനുള്ള വിവേകം എല്ലാ പ്രതിപക്ഷ പാർട്ടികളും പുലർത്തണം. 2019 ൽ സവർണ സംവരണം കൊണ്ടുവന്നാണ് പ്രതിപക്ഷ നിരയിലെ ഐക്യം ബി.ജെ.പി തകർത്തത്.
അതിന്റെ ദുരന്തഫലം രാജ്യം ഇന്ന് അനുഭവിക്കുകയാണ്. ഏതെങ്കിലും ഒരു മത വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ഏകീകൃത സിവിൽ കോഡിനെ കാണാനാകില്ല. രാജ്യത്തിന്റെ ഫെഡറലിസവും അതുവഴിയുള്ള പരസ്പര സഹകരണവും തകർക്കാനുള്ള നീക്കമാണ് ഇതെന്ന് കണ്ട് പ്രവാസ ലോകത്ത് നിന്നുള്ള ശക്തമായ പ്രതിഷേധങ്ങളും ഉയർന്ന് വരണമെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, സിറാജ് തലശ്ശേരി, മുഹ്‌സിൻ ആറ്റശ്ശേരി എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.