കോട്ടയം- ചങ്ങനാശ്ശേരി മഹല്ലിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പ്രവേശനം നൽകാത്ത നടപടി വിവാദത്തിലേക്ക്.
ചങ്ങനാശ്ശേരി പുതൂർ മുസ് ലിം ജമാഅത്തിൽ വിവേചനമെന്നാണ് പരാതി. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനം നൽകുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മഹല്ല് പൊതുയോഗത്തിൽ പങ്കെടുത്ത അനീഷ് സാലി എന്നയാൾക്ക് നോട്ടീസ് നൽകിയതോടെയാണ് സംഭവം വിവാദമായത്.
ഭരണഘടന പ്രകാരമാണ് നോട്ടീസ് നൽകിയതെന്നാണ് മഹല്ല് ഭാരവാഹികളുടെ നിലപാട്. പൂർവികരുടെ പാരമ്പര്യം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാർബർ വിഭാഗത്തിൽപെട്ട അനീഷിന് നോട്ടീസ് നൽകിയത്. നൂറ്റാണ്ട് പഴക്കമുള്ള മഹല്ലിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് അംഗത്വം നൽകില്ലെന്ന രീതിയാണത്രെ. ഇക്കാര്യം ഇവരുടെ പൂർവികർ എഴുതി നൽകിയിട്ടുണ്ടെന്നും മഹല്ല് ഭാരവാഹികൾ പറയുന്നു. എല്ലാവരെയും ഉൾക്കൊള്ളണമെങ്കിൽ പള്ളി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അവർ പറഞ്ഞു. അതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. നോട്ടീസ് വിവാദം മഹല്ല് അംഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.