കൊണ്ടോട്ടി- ചോർന്നൊലിക്കുന്ന വീട്..വാർധക്യം ബാധിച്ച മാതാപിതാക്കൾ, സംസാര-കേൾവി വൈകല്യമുള്ള വിവാഹ പ്രായമെത്തിയ മകളുൾപ്പെടെ മൂന്ന് പെൺമക്കളും ഭാര്യയും. മജ്ജയിൽ അർബുദം ബാധിച്ച മുൻപ്രവാസി ശിഹാബുദ്ദീന്റെ കുടുംബത്തിന് ഇന്ന് അടുപ്പിൽ പുക ഉയരണമെങ്കിലും സുമനസ്സുകളുടെ സഹായം വേണം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ചീക്കോട് പഞ്ചായത്തിലെ പറമ്പാട്ടുപറമ്പിൽ താമസിക്കുന്ന കാവുങ്ങതൊടി മുഹമ്മദിന്റെ മകൻ ശിഹാബുദ്ദീനാണ് ക്യാൻസർ ബാധിച്ച് തുടർചികിൽസക്കും കുടുംബം പുലർത്താനും ഗത്യന്തരമില്ലാതെ കഴിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം ആർ.സി.സി എന്നിവിടങ്ങളിൽ ചികിത്സ തേടിവരികയാണ് ശിഹാബുദ്ദീൻ.
സൗദി അറേബ്യയിൽനിന്ന് നിതാഖത്ത് പ്രശ്‌നത്തെ തുടർന്ന് രണ്ട് വർഷം മുമ്പാണ് ശിഹാബുദ്ദീൻ നാട്ടിലെത്തിയത്. മൂന്ന് സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചെങ്കിലും ചോർന്നൊലിക്കുന്ന വീട് നന്നാക്കാൻപോലും ശിഹാബുദ്ദീന് കഴിഞ്ഞിരുന്നില്ല. കോഴിക്കോട്ട് കൂൾബാറിൽ ജോലിചെയ്താണ് ശിഹാബുദ്ദീൻ കുടുംബം പുലർത്തിയിരുന്നത്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും സംസാരത്തിനും കേൾവിക്കും വൈകല്യമുളള മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ റമദാനിലാണ് ശിഹാബുദ്ദിന് മജ്ജയിൽ ക്യാൻസറാണെന്ന് കണ്ടെത്തിയത്. നാൽപത് ലക്ഷത്തോളം രൂപ തുടർചികിൽസക്ക് ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതോടെ കുടുംബം തീർത്തും ദുരിതത്തിലായി. സാമ്പത്തികമായി തളർന്ന കുടുംബം പരസഹായം കൂടാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ.
ശിഹാബുദ്ദീന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാർ ശിഹാബുദ്ദീൻ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്. എം.എൽ.എ ടി.വി. ഇബ്രാഹിം, ജനപ്രതിനിധികളായ കെ.എ.സഗീർ, എളങ്കയിൽ മുംതാസ്, കെ.പി. മുഹമ്മദ് ഹാജി എന്നിവർ മുഖ്യരക്ഷാധികാരികളായും വാർഡ് മെമ്പർ മൊയ്തീൻ കോയ ചെയർമാനായും,കാവുങ്ങതൊടി മുഹമ്മദ് കൺവീനറായുമാണ് ശിഹാബുദ്ദീൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. ഇവരുടെ പേരിൽ കേരളാ ഗ്രാമീണ ബാങ്ക് ഓമാനൂർ ശാഖയിൽ അക്കൗണ്ട് നമ്പർ 40153101041022, ഐ.എഫ്.എസ്.സി കോഡ്-കെ.എൽ.ജി.ബി 0040153.