Sorry, you need to enable JavaScript to visit this website.

മഞ്ചേരി മെഡിക്കൽ കോളേജ് സ്റ്റോർ കോംപ്ലക്‌സിനു  രണ്ടര കോടിയുടെ ഭരണാനുമതി 

മലപ്പുറം- മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റോർ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി രണ്ടര കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മഞ്ചേരി മെഡിക്കൽ കോളേജിലെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിക്കാവശ്യമായ മരുന്നുകൾ, ഡയാലിസിസ് ചെയ്യാനാവശ്യമായവ, ഫഌയിഡുകൾ, കെമിക്കലുകൾ, ഓപ്പറേഷൻ തീയറ്ററിനാവശ്യമായ സാമഗ്രികൾ, ശുചീകരണ സാധനങ്ങൾ, മറ്റു ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാനായാണ് സ്റ്റോർ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. ഒരു വർഷത്തേയ്ക്ക് ആവശ്യമായി വരുന്ന ആശുപത്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥല പരിമിതി കാരണവും എംസിഐ നിർദേശ പ്രകാരവുമാണ് പുതിയ സ്റ്റോർ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. 7,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് സ്റ്റോർ കോംപ്ലക്‌സ് നിർമിക്കുന്നത്. പിഡബ്ലിയുഡിയ്ക്കാണ് ഇതിന്റെ നിർമാണ ചുമതല. താഴത്തെ നിലയിൽ ഓഫീസ്, സ്റ്റോർ ഓഫീസ്, സ്റ്റോക്കിംഗ് ഏരിയ എന്നിവയാണുള്ളത്. രണ്ട്, മൂന്ന് നിലകളിൽ ആശുപത്രി മരുന്നുകളും സാമഗ്രികളും ശാസ്ത്രീയമായി സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടം പണി കഴിപ്പിക്കുന്നത്. നവീന രീതിയിലുള്ള സ്റ്റോർ കോംപ്ലസായിരിക്കുമിത്. മരുന്നുകൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ സംവിധാനം ഉൾപ്പെടെയുള്ളവ സജ്ജമാക്കും. മരുന്നുകളുടെ കാലാവധി തിരിച്ചറിയാനും സ്റ്റോക്ക് വിവരങ്ങൾ അറിയാനും കംപ്യൂട്ടർവത്ക്കരിക്കുകയും ചെയ്യും. ഒരു വർഷത്തിനകം ഇത് പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് കഴിഞ്ഞ സർക്കാർ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തിയത്. ഈ സർക്കാർ അധികാരമേറ്റ ശേഷം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് എംസിഐ നിർദേശിച്ച പ്രകാരമുള്ള കുറവുകൾ പരിഹരിക്കുകയും  അധ്യാപക തസ്തികയിലുള്ള ഒഴിവുകൾ പൂർണമായും നികത്തുകയും ചെയ്തു. പുതുതായി പത്തു അധ്യാപക തസ്തികകൾ സൃഷ്ടിച്ചു.  നോൺ ടീച്ചിംഗ് സ്റ്റാഫിന്റെയും ഓഫീസ് സ്റ്റാഫിന്റെയും ഒഴിവുകൾ ഉടൻ നികത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. 
മഞ്ചേരി മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 2020 ഓടുകൂടി പ്രവർത്തന സജ്ജമാകുന്ന രീതിയിൽ 103 കോടിയുടെ പ്രോജക്ടാണ് ലക്ഷ്യം വയ്ക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികടെയും ഹോസ്റ്റലുകൾ, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, നോൺ ടീച്ചിംഗ് സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഫുട്‌ബോൾ ഗ്രൗണ്ട് തുടങ്ങിയവയാണ് ഇതിൽ പ്രധാനമായുമുള്ളത്. ഈ പദ്ധതിയുടെ ടെക്‌നിക്കൽ അപ്രൂവൽ ലഭിച്ചു കഴിഞ്ഞു. കിറ്റ്‌കോയ്ക്കാണ് ചുമതല. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
മെഡിക്കൽ കോളേജിന്റെ മുഖഛായ മാറ്റുന്ന 50 കോടിയുടെ ഒ.പി. ബ്ലോക്കിന് ആദ്യഘട്ടമായി 5.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10,000 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ പത്തു നിലകളായിട്ടാണ് ഇതു പണി കഴിപ്പിക്കുന്നത്. 3,600 സ്‌ക്വയർ മീറ്ററിലുള്ള ഇൻവെസ്റ്റിഗേഷൻ ബ്ലോക്കിനു 15 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി മൂന്നു കോടി രൂപ അനുവദിച്ചു. 
40 ലക്ഷം രൂപയുടെ മോർച്ചറി കോംപ്ലക്‌സ്, മൂന്നു കോടി രൂപയുടെ റസിഡന്റ്‌സ് ക്വാർട്ടേഴ്‌സ്, 2.7 കോടിയുടെ സി.ടി. സ്‌കാനർ, ഏഴു കോടിയുടെ കാർഡിയോ തൊറാസിക് ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നു മന്ത്രി അറിയിച്ചു. ആർദ്രം ദൗത്യത്തിന്റെ ഭാഗമായുള്ള ഒ.പി. നവീകരണം അന്തിമഘട്ടത്തിലാണ്. കംപ്യൂട്ടർവത്ക്കരണത്തിന്റെ ജോലികൾ നടന്നു വരികയാണ്. ഉടൻ തന്നെ ഇത് പ്രവർത്തന സജ്ജമാകും. മഞ്ചേരി മെഡിക്കൽ കോളേജിനായി കാത്ത് ലാബും അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിനെ ബൈപാസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് സ്ഥലമേറ്റെടുത്ത് ഉടൻ പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 

 

Latest News