ജിദ്ദ - ഗവൺമെന്റിന്റെ പൊതുബജറ്റ് തയാറാക്കുന്നതിൽ പൊതുജന പങ്കാളിത്തം പ്രയോജനപ്പെടുത്താൻ ധനമന്ത്രാലയം തീരുമാനിച്ചു. ബജറ്റ് തയാറാക്കൽ പ്രക്രിയ വികസിപ്പിക്കുന്നതിൽ പ്രധാനവും ഫലപ്രദവുമായ ഘടകമായി പൊതുജന പങ്കാളിത്തത്തെ കണക്കിലെടുത്താണിത്. ധനമന്ത്രാലയം ഇടക്കിടെ പുറപ്പെടുവിക്കുന്ന ബജറ്റ് റിപ്പോർട്ടുകൾ കാണുമ്പോൾ സ്വീകർത്താവിന്റെ പ്രധാനപ്പെട്ട താൽപര്യങ്ങളും അവർ അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങളും പഠിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു.
റിപ്പോർട്ടുകളിൽ ലഭ്യമായ വിവരങ്ങളുമായി ബന്ധപ്പെട്ട പൗരന്മാരുടെ കാഴ്ചപ്പാടുകളും പൊതുധനകാര്യ സൂചകങ്ങളുടെ (വരുമാനം, ചെലവുകൾ, കടങ്ങൾ, ധനസഹായം) പ്രകടനത്തിൽ വിപുലീകരണവും വികസനവും ആവശ്യമായ വശങ്ങളും അറിയാൻ ലക്ഷ്യമിട്ടുള്ള ചോദ്യാവലിയിലൂടെയാണ് പൗരന്മാരുടെ പ്രധാനപ്പെട്ട താൽപര്യങ്ങളും അവർ അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങളും മന്ത്രാലയം പഠിക്കുക. ദേശീയ സമ്പദ്‌വ്യവസ്ഥ കൈവരിച്ച പ്രധാനപ്പെട്ട മാറ്റങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും ഇതിലൂടെ അറിയാൻ ശ്രമിക്കും.
പൊതുബജറ്റ് റിപ്പോർട്ട്, അർധ വാർഷിക ധന, സാമ്പത്തിക പ്രകടന റിപ്പോർട്ട്, പാദവാർഷിക ബജറ്റ് പ്രകടന റിപ്പോർട്ട്, ബജറ്റ് സന്നാഹ റിപ്പോർട്ട്, പ്രധാന ധന, സാമ്പത്തിക വെല്ലുവിളികൾ എന്നിവ അടക്കം നിരവധി റിപ്പോർട്ടുകൾ ധനമന്ത്രാലയം നിരന്തരം പുറത്തിറക്കുന്നു. 1,114 ബില്യൺ റിയാൽ ചെലവും 1,130 ബില്യൺ റിയാൽ വരവും 16 ബില്യൺ റിയാൽ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഈ വർഷത്തേക്ക് സൗദി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 104 ബില്യൺ റിയാൽ മിച്ചം നേടിയിരുന്നു. ഈ കൊല്ലം 3.9 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കൊല്ലം സാമ്പത്തിക വളർച്ച 8.7 ശതമാനമായിരുന്നു.