കൊച്ചി- പരീക്ഷയെഴുതാതെ വിജയിച്ചെന്ന് വരുത്തിത്തീർക്കാൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ തനിക്കെതിരായ ആരോപണം നിഷേധിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാർ. കേസിൽ അഞ്ചാം പ്രതിയായ അഖില നന്ദകുമാർ പോലീസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായാണ് മൊഴി നൽകിയത്. കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി പയസ് ജോർജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴം രാവിലെ 11ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ 2.30നാണ് അവസാനിച്ചത്.
എസ്.എഫ്.ഐ മുൻനേതാവ് കെ വിദ്യ അധ്യാപക നിയമനത്തിന് മഹാരാജാസ് കോളേജിന്റെ വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനാണ് താൻ മഹാരാജസിൽ എത്തിയതെന്ന് അഖില നന്ദകുമാർ വിശദീകരിച്ചു. വാർത്ത ലൈവ് ആയി ചെയ്യുന്നതിനിടെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ.എസ്.യു മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് സി എ ഫാസിൽ എന്നിവർ ക്യാമറക്ക് മുന്നിലെത്തി ആർഷോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അഖില മൊഴി നൽകി.
കേസിലെ മറ്റ് നാല് പ്രതികളെയും സഹായിക്കുന്ന വിധത്തിൽ അഖില നന്ദകുമാർ ഇവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നതാണ് ആർഷോയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ അഖില അടക്കമുള്ള പ്രതികളുടെ ഫോൺ കാൾ റെക്കോഡ് ഡീറ്റെയിൽസ് പോലീസ് പരിശോധിക്കുന്നുണ്ട്. അഖിലയുടെ മൊഴി അന്വേഷക സംഘം വിശദമായി പരിശോധിച്ച ശേഷം പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഉടൻ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.