തലശ്ശേരി - കാമുകിയെ തന്റെ കൂടെ കൂട്ടിക്കൊണ്ടു പോകാനായി കാമുകിയുടെ വീട്ടിലെത്തിയ ശേഷം കാമുകിയുടെ വീട് ആക്രമിച്ച കേസിലെ പ്രതിയായ കാമുകനും സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി.
മകളുടെ പ്രേമബന്ധം അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ വീട്ടിൽ നിന്ന് മാറ്റി ബന്ധു വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായ കാമുകനും സംഘവുമാണ് പെൺകുട്ടിയെ പാർപ്പിച്ച എടക്കാട് കടമ്പൂരിലെ വീട്ടിന് നേരെ അക്രമം നടത്തിയത.്
എരഞ്ഞോളി മലാലിലെ അർഷിൻ(22) എരുവട്ടി പൊട്ടൻപാറയിലെ വിജിൻ(24)കതിരൂരിലെ ശ്രീചന്ദ്രൻ(26)എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകിട്ടോടെ തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വയറിംഗ് ജോലിയിൽ സഹായിയായി അർഷിൻ ഒരു ഇലക്ട്രീഷന്റെ കൂടെ പെൺകുട്ടിയുടെ പിണറായി പന്തക്കപ്പാറയിലെ വീട്ടിൽ കുറച്ച് ദിവസം പോയിരുന്നു. ഇതോടെ അർഷിനും ഈ വീട്ടിലെ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. സംഭവം വീട്ടിൽ അറിഞ്ഞതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ ബന്ധുവീടായ കടമ്പൂരിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
കാമുകിയെ കടമ്പൂരിലെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നപ്പോഴാണ് കാമുകനും സംഘവും ഈ വീടിന് നേരെ അക്രമം നടത്തിയത.് വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം കാമുകിയെ പൂട്ടിയിട്ട മുറിയുടെ വാതിൽ ചവിട്ടി തകർക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ പരിസരവാസികൾ കാമുകനെയും സംഘത്തെയും കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.