'തീക്കൊള്ളി കൊണ്ട് തല്ലുകൊണ്ട പൂച്ചക്ക് മിന്നാമിനുങ്ങിനെ കണ്ടാലും പേടി' എന്ന് ആരെങ്കിലും ഉരിയാടിയാൽ കേസെടുക്കുന്ന കാലമാണ്. ക്രൈം ബ്രാഞ്ച്, വിജിലൻസ്, സ്‌പെഷ്യൽ സെൽ, ആന്റി ടെററിസ്റ്റ്, സൈബർ സെൽ തുടങ്ങി സൈന്യം റെഡി. പാർട്ടി പോലീസും പാർട്ടി കോടതിയും വേറെയും. എങ്കിലും ന്യായമായൊരു സംശയം- ഈ ജി. ശക്തിധരനെതിരെ കേസെടുക്കാത്തതെന്തേ? ഫേസ്ബുക്ക് വഴിയുള്ള തെറിയഭിഷേകമാണ് കുറേക്കൂടി മെച്ചമെന്നാണോ! സമ്മതിച്ചു. തൊലിക്കട്ടിയുടെ അഭാവത്താൽ സഖാവ് തന്റെ ടി. ബുക്ക് അടച്ചുപൂട്ടിക്കൊണ്ട് 'സൈബർ കാപ്‌സ്യൂളു'കൾ തൊണ്ട തൊടാതെ വിഴുങ്ങുന്നവരെ നിരാശപ്പെടുത്തിക്കളഞ്ഞു! ടി സഖാവിന്റെ സമകാലിക ആരോഗ്യനില മുൻകൂട്ടി കണ്ടിട്ടാകണം പണ്ട് 'ദേവാലയത്തിലിരുന്നപ്പോൾ നീ ആരായിരുന്നു'വെന്ന് വയലാർ എഴുതിയത്. അനുകമ്പയുള്ളവർ ഇന്ന് മൂളുന്നതും! പണ്ട് 'വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി' എന്ന ലേഖന പരമ്പര എഴുതിക്കണ്ടപ്പോൾ (ഇന്നു 135 വയസ്സു പ്രായമുള്ള) പത്രമുത്തശ്ശിക്ക് കൈകാലുകൾ വിറച്ചു. ഊന്നുവടി കൈയിൽ കിട്ടാതിരുന്നത് കൊച്ചി ലേഖകന്റെ ഭാഗ്യം! ഇലക്കാമ്പ് മുതൽ അടിവേരുകളിൽ ഒന്നുപോലും അവശേഷിക്കാതെ 'ക്ലാസിക്കൽ കമ്യൂണിസ്റ്റു'കളെ കോർപറേറ്റ് കമ്യൂ'ക്കൾ ഉന്മൂലനം ചെയ്തുവെന്നാണ് 'വിഭാഗീയ പാണ'ന്മാർ ഇന്നും രഹസ്യമായി പാടുന്നത്. ആ വർഗം ഇപ്പോഴും ആലപ്പുഴയിലും പാലക്കാട്ടും സുലഭമത്രേ! പുറത്താക്കപ്പെട്ട 'ശക്തിധാരി' സഖാവ് ആദ്യമൊക്കെ ഒരു 'കുലംകുത്തി' മാത്രമായിരന്നുവത്രേ! എന്നാൽ എലി പുതിയ മാളം തുരന്ന് തുരന്ന് കയറിയാലോ? ലേശം 'വിഷ'മോ 'വില്ലോ' 'എലിപ്പത്തായ'മോ പരീക്ഷിക്കുന്നതാണ് നന്ന്. എലിപ്പത്തായമന്വേഷിച്ച് അടൂരിനെ സമീപിക്കരുതെന്നു മാത്രം!
'കൈതോലപ്പായയിൽ രണ്ടു കോടിയിൽപരം രൂപ എണ്ണി തിട്ടപ്പെടുത്തി കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയത്രേ! ഒരു മോഹൻലാൽ സിനിമയിൽ ഉർവശിയെ ഈ വിധത്തിൽ കെട്ടിപ്പൊതിഞ്ഞിട്ടുണ്ട്. ചുമന്നത് ലാലേട്ടനും ശ്രീനിവാസനും. ആര് ആരെ കോപ്പിയടിച്ചു? അഥവാ, ഏത് ഇംഗ്ലീഷ് പടത്തിൽ നിന്നു ചൂണ്ടി എന്നത് അന്വേഷണ വിഷയം. രണ്ടു കോടി രണ്ടായി പിരിഞ്ഞ് രണ്ടു വഴിക്ക് പോയി. സ്വയം നടന്നു പോകാൻ കഴിയില്ലല്ലോ.
അധ്വാനിക്കുന്ന വർഗത്തിന് അക്കാലത്ത് സ്യൂട്ട് കേസിൽ പൊതിയാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലായിരുന്നു. കൈതലോക്കു പുറമെ, അക്കാലത്ത് തെങ്ങോല, പനയോല എന്നിവയും സ്വീകാര്യമായിരുന്നുവെന്നു ചരിത്ര ഗവേഷകർക്ക് അഭിപ്രായമുണ്ട്. മൺചട്ടി, കലം, വെങ്കലം, കുട്ടുകം, പെട്ടകം, ചെമ്പ്, അണ്ടാവ് തുടങ്ങിയവയും ഇക്കാര്യത്തിൽ ഗവേഷണ വിഷയമാക്കാം. അതൊക്കെ ലോക്കൽ മക്മിറ്റികളായിരിക്കാം ചുമന്നു പോന്നത്. മാനനഷ്ടക്കേസിനു തക്കവണ്ണം മാനമില്ലെങ്കിലും കേസ് അന്വേഷിക്കുന്നതാണ് ബുദ്ധി. പരിസമാപ്തിയിൽ, പ്രതികൾ കൈതോല, കറൻസി, പായ നെയ്തവർ, പായ എളമക്കരയിൽ എത്തിച്ചവർ ഒക്കെ ആയിത്തീരാം. പിന്നെ കൈകഴുകാൻ എളുപ്പമാണ്. കിണ്ടിയും വെള്ളവും വരാന്തയിൽ തന്നെയുണ്ടാകും.
**** **** ****
ലീഗുകാർക്കു പുണ്യകാലം. അവർ നവംബറിൽ ദില്ലിയിൽ സ്വന്തം ഓഫീസ് തുറക്കും. കേരളപ്പിറവി ദിനം അത്യുത്തമം. വിശാല പ്രതിപക്ഷ ഐക്യം 2024 ൽ തൂത്തുവാരിയാൽ അന്നു കുളിക്കാനും കിടക്കാനും ഉടുതുണി മാറ്റാനും പാർലമെന്റ് മന്ദിരത്തിലേക്കു കുതിക്കാനും ഓടിനടക്കേണ്ട. അത്യാവശ്യം സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും വരെ പ്രതീക്ഷിക്കണം. ഇതിനെയാണ് 'ദീർഘദൃഷ്ടി' എന്നു വിളിക്കുക. എന്നാൽ കേരളത്തിലോ? മുദ്രാവാക്യം വിളിക്കുന്ന നിമിഷം വിലങ്ങ് വീഴും! ഏറെ കഷ്ടം കോൺഗ്രസിന്റെ കാര്യം തന്നെ. കേസോട് കേസ്. സ്റ്റേഷനിൽ നിന്നിറങ്ങിയാൽ കോടതി. കോടതിയിൽനിന്നും ഇറങ്ങിയാൽ സ്റ്റേഷൻ. എങ്കിലും മുൻ ഡ്രൈവർ പ്രശാന്തൻ കാലുവാരിയതിൽ സുധാകര ഗുരുവിനു തെല്ലും ഖേദമില്ല. തീയിൽ കുരുത്തവനെ വെയിലത്തിട്ടാൽ വാടുമോ? പണ്ട് പേരാവൂരിൽ നടന്ന സംഭവം ഗുരു ഇപ്പോൾ റിലീസ് ചെയ്തത് പാർട്ടിക്കാർക്ക് നിത്യവും രാവിലെ മുതൽ ഇരുട്ടും വരെ ആവേശം പകരുന്നു. പേരാവൂരിൽ 'അവർ' എറിഞ്ഞ ബോംബിനും തനിക്കും ഇടയിൽ ഒരു ബ്രീഫ്‌കേസിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. ച്ചാൽ, ആജാനുബാഹുവായ ഗുരുവിനെ മറയ്ക്കാൻ പോന്ന ഒരു ഹിടുംബൻ പെട്ടി. അതു 'ബുള്ളറ്റ് പ്രൂഫ്' ആയിരുന്നുവെന്ന കാര്യത്തിൽ ആർക്കും സന്ദേഹമേ വേണ്ട. അല്ലായിരുന്നെങ്കിൽ, ഗുരു ഇന്ന് ഇന്ദിരാഭവന്റെ ചുമരിൽ ഒരു ഫോട്ടോ ആയി തൂങ്ങിയേനേ. എങ്കിലും 'ബ്രീഫ് കേസ്' എന്നു കേട്ടവരെല്ലാം തങ്ങൾക്കും അതേ വലിപ്പത്തിൽ ഒരെണ്ണം പ്രതീക്ഷിച്ചിരിക്കണം. പാർട്ടി കോൺഗ്രസല്ലേ, പെട്ടി ശൂന്യമാകില്ലല്ലോ!
യൂത്ത് കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയ പായ്കപ്പലുകൾ കൊടുങ്കാറ്റുകളെ അതിജീവിച്ച് കരയ്‌ക്കെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് ഗുരുവും 'ദില്ലി ടാക്‌സ്‌ഫോഴ്‌സും. അതിനിടെയാണ് പ്രക്ഷുബ്ധ സാഗരത്തെ വീണ്ടും ഇളക്കി മറിക്കാൻ 'സംസ്‌കാര സാഹിത' എന്ന പുതിയ തിമിംഗലത്തിന്റെ വരവ്. 'പണമില്ലാത്തവൻ പിണം' എന്ന തത്വചിന്തയാണ് സംഘടനയുടെ ആപ്തവാക്യം. ആന്റോ ജോസഫ് സിനിമ നിർമാതാവായതിനാൽ 'സാഹിതി'യെ വലയിലാക്കി. പാർട്ടി വൈസ് പ്രസിഡന്റ് സജീന്ദ്രനു പിന്നെ ഉറക്കം കിട്ടിയിട്ടില്ല. ഉച്ചയുറക്കം പോലും നഹീ. ഇനി അരങ്ങത്തും അണിയറയിലും സാഹിതിയുടെ പോർവിളിയുടെ കാലമായി. രമേശ് ചെന്നിത്തല തുടങ്ങിവെച്ച 'സാഹിതിക്കാലം' ആയിരുന്നു കാലം! അതിന്റെ മെച്ചം അറിയണമെങ്കിൽ ഡി.സി.സി പ്രസിഡന്റിനോടു ചോദിക്കണം. പാലോടുകാർക്ക് നല്ലതേ പറയാനുണ്ടാകൂ. ക്യാമറ കൂടി കരുതിയാൽ അദ്ദേഹം എത്ര നേരം വേണമെങ്കിലും പൊരിവെയിലത്തു നിന്നായാലും സഹകരിക്കും.
കോൺഗ്രസിനെ ഇന്ത്യയിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോഡിയുടെ കേരളത്തിലെ ആയുധമാണ് പിണറായി വിജയനെന്ന് കെ. മുരളീധരൻ. ആഹാ! അതിലേക്കായി അവിരാമം പരിശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളെ മറന്നോ?
***************
പുരുഷന്മാർ പെൺവേഷം കെട്ടേണ്ട അവസ്ഥ വരാറുണ്ട്. പല വിവാഹ മോചനങ്ങളും നടക്കാതെ, ദാമ്പത്യം സുഖകരമാകുന്നതും അക്കാരണത്താലാണ്. സിനിമയിൽ വേഷം കെട്ടുന്നതാകട്ടെ, പതിനായിരക്കണക്കിനു പ്രതിഫലം വാങ്ങിയിട്ടത്രേ. പ്രേംനസീറിന്റെയും അടൂർ ഭാസിയുടെയും സ്ത്രീവേഷങ്ങൾ പ്രസിദ്ധം. ഇന്നത്തെ തലമുറയിൽ ദിലീപാണ് റെക്കോർഡിട്ടത്- മായാമോഹിനി. ബി.ജെ.പിയിലേക്കു കടന്ന ചില പുരുഷന്മാരുടെ അവസ്ഥയും മേൽപടി വേഷങ്ങൾ പോലെയത്രേ!
അക്ബർ രാമസിംഹൻ, ഭീമൻരഘു, കൃഷ്ണകുമാർ, രാജസേനൻ തുടങ്ങിയവർ ഇന്ന് എവിടെയെന്ന് അന്വേഷിക്കണ്ട. അവർക്കു തന്നെ നിശ്ചയമില്ല. എങ്കിലും ചങ്ങല പൊട്ടിച്ച് മെയിൻ റോഡിലേക്ക് ചാടിയതായാണ് വാർത്ത. ഇതിൽ 'ഉരുളു നേർച്ച' പോലെ ഏതോ ഒന്ന് ആചരിച്ച് റെക്കോർഡിട്ടതിന് സംവിധായകൻ രാജസേനനെ പ്രത്യേകം അനുമോദിക്കണം. അദ്ദേഹം പാർട്ടി വിട്ടു. പിറ്റേ ദിവസം തന്റെ പുതിയ ചിത്രത്തിനു വേണ്ടി പെൺവേഷം കെട്ടി. 'ആരാകിലെന്ത്, മിഴിയുള്ളവർ നോക്കി നിൽക്കും എന്ന കവിവചനം പോലെയായിരുന്നു ആ ശോഭ. വാ തുറക്കാതിരുന്നെങ്കിൽ നൂറുമാർക്കും നേടുമായിരുന്നു. ഡയലോഗ് തുടങ്ങിയതോടെ പുരുഷ ശബ്ദമുള്ള 'ഹിജഡ'യായിപ്പോയി. നടൻ കൃഷ്ണകുമാറാകട്ടെ, ചാൻസില്ലാതെ അലയുന്ന കാലത്ത് ബി.ജെ.പിയുടെ ബോർഡ് കാണാനിടയായി. അകത്തു കയറി; ദാഹശമനം വരുത്തി. പിന്നെ 'കൈയിലിരുന്ന കാശു കൊടുത്ത് കടിക്കുന്ന നായയെ വാങ്ങി' മത്സരിച്ചിട്ടും കേന്ദ്ര വമ്പന്മാരെത്തുമ്പോൾ ഏഴയലത്തു സീറ്റില്ല. കാരണം കുമാരന് അതിനുള്ള പ്രായപൂർത്തി ആകാത്തതു തന്നെ! സംവിധായകൻ അക്ബർ രാമസിംഹൻ ഇപ്പോൾ അതിൽ ഏതാണെന്നു തിരിയുന്നതേയില്ല. ഭീമൻ രഘുവാകട്ടെ, കേന്ദ്ര നേതാവിനെപ്പോലെ, 56 ഇഞ്ച് നെഞ്ചളവുമായി എത്തിയ ദേഹം. പത്തനാപുരം മത്സര ശേഷം പേശികൾ വലിഞ്ഞുപോയി. ഇനിയിപ്പോൾ മേൽപറഞ്ഞ പെൺവേഷത്തിനും ഭീമനും അഭയം എ.കെ.ജി സെന്ററാണത്രേ! വൈകിവന്ന വിവേകം എന്നല്ലാതെന്തു പറയാൻ! വല്യേട്ടൻ പാർട്ടിക്ക് ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും പൂക്കാലമാണെന്നു തോന്നുന്നു.
**** **** ****
മൂന്നു വയസ്സുള്ള ഹനുമാൻ കുഞ്ഞിനെ മരം ചാടാൻ ആരും പഠിപ്പിക്കണ്ട. ചാടാൻ കൊതിക്കുന്ന രാഷ്ട്രീയക്കാർ അവളെ കണ്ടു പഠിക്കണം. തലസ്ഥാന മ്യൂസിയത്തിൽ നിന്നു പുറത്തു ചാടി പല പല സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആകാശ മാർഗേണ മുന്നേറുകയാണ്. തെരുവുനായയെ കൊല്ലാനും കാട്ടാനയെ വെടിവെക്കാനും ആദ്യം ഹൈക്കോടതിയിൽ പോകുന്ന കാലമാണല്ലോ. അക്കാര്യം കൊച്ചുകുരങ്ങിന് ധൈര്യം പകരുന്ന കാഴ്ചയാണ്. അവരുടെ ഓരോ ട്രപ്പീസ് വേലയിലും ഓരോ വിവാദങ്ങൾ പിന്തുണപ്പെടുന്ന കാഴ്ചയാണിന്ന്. കെ. വിദ്യ, ആർഷോ, പ്രിയാ വർഗീസ്, ബ്യൂട്ടി പാർലർ ഷീല എന്നിവരൊക്കെ നമ്മുടെ ഹനുമാൻ കുരങ്ങിനു പത്തടി താഴെയേ നിൽക്കു. മരഞ്ചാടിയെ വിളിച്ചുവരുത്തി ആദരിക്കാനുള്ള ആലോചന നടക്കന്നുണ്ടെന്നാണ് കേൾവി. സർക്കാരിന്റെ നല്ല കാലം! കൂട്ടത്തിൽ ഒരു കാര്യം കൂടി സൂചിപ്പിക്കപ്പെട്ടെ - അരിക്കൊമ്പൻ, ചക്കക്കൊമ്പൻ തുടങ്ങിയ ഗജകേസരികൾക്കു പുറമെ ഒരു 'ഹെൽമറ്റ്' കൊമ്പനും ഇറങ്ങിയിട്ടുണ്ടത്രേ! ഇരുചക്ര വാഹനക്കാർ സൂക്ഷിച്ചാൽ അവർക്കു നന്ന്. അല്ലെങ്കിൽ ശിരോകവചം ആന വായിൽ ശർക്കരയുണ്ടയായി മാറിപ്പോകും!