Sorry, you need to enable JavaScript to visit this website.

മഴക്കള്ളന്മാർ ഇറങ്ങി ബംബ്രാണയിലും ചേവാറിലും കവർച്ച, പ്രവാസിയുടെ വീട് തകർത്തു

കാസർകോട്- മഴ ശക്തിപ്പെട്ടതോടെ കവർച്ചാ സംഘം പോലീസിന്റെയും നാട്ടുകാരുടേയും ഉറക്കം കെടുത്തുന്നു. ബംബ്രാണയിൽ പൂട്ടിക്കിടന്ന പ്രവാസിയുടെ വീടിന്റെ വാതിൽ തകർത്ത് 2000 രൂപ കവർന്നു. ചേവാർ കുണ്ടങ്കറടുക്കയിലെ അബ്ദുൽ റഹ്മാന്റെ വീടിന്റെ മുൻ വശത്തെ വാതിൽ അടർത്തി നീക്കി അകത്ത് കടന്ന് 15,000 രൂപ കവർന്നു. ബംബ്രാണ ദിഡ്മ്മയിലെ മാന്യകല്ല് യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസഫിന്റെ കുടുംബം വീട് പൂട്ടി സമീപത്തെ ഉമ്മയുടെ വീട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് അയൽവാസികൾ യൂസഫിന്റെ ഭാര്യ നിസയെ അറിയിക്കുകയായിരുന്നു. തുടർന്ന് നിസയെത്തി പരിശോധിച്ചപ്പോഴാണ് അലമാര തകർത്ത് 2000 രൂപ മോഷ്ടിച്ചതായി അറിയുന്നത്. അബ്ദുൽ റഹ്മാനും കുടുംബവും വീട് പൂട്ടി പുറത്തുപോയ നേരത്തായിരുന്നു കവർച്ച. അടച്ചുറപ്പില്ലാത്ത മുൻ വശത്തെ വാതിൽ അടർത്തി നീക്കി അകത്ത് കയറിയയാണ് മേശ വലിപ്പിൽ സൂക്ഷിച്ച 15,000 രൂപ കവർന്നത്. ബംബ്രാണ യൂസഫിന്റെ വീട്ടിൽ കുമ്പള പൊലീസ് എത്തി പരിശോധന നടത്തി. സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധനക്കെത്തും. എട്ട് മാസത്തിനിടെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറുതും വലുതുമായ പത്തോളം കവർച്ചകളാണ് നടന്നത്. രാത്രികാല പരിശോധന നടക്കുമ്പോഴും മറ്റൊരുഭാഗത്ത് കവർച്ചാസംഘത്തിന്റെ വിളയാട്ടം വർധിച്ചത് പൊലീസിനും നാട്ടുകാർക്കും തലവേദന സൃഷ്ടിക്കുകയാണ്.

Latest News