Sorry, you need to enable JavaScript to visit this website.

അഭിമന്യു വധം; അന്വേഷണ പുരോഗതിയിൽ പരാതിയില്ലെന്ന് എസ്.എഫ്.ഐ

അഭിമന്യു

കോഴിക്കോട് - അഭിമന്യു വധക്കേസിൽ മുഖ്യ പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കാത്തതിൽ ആശങ്കയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ്. കേസന്വേഷണത്തിന്റെ കാര്യത്തിൽ ഇതുവരെ എസ്എഫ്‌ഐക്ക് പരാതിയില്ലെന്നും സച്ചിൻദേവ് മാധ്യമങ്ങളോട് പറഞ്ഞു.
 പോലീസിൻെറ ഭാഗത്ത് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുള്ളതായി തോന്നിയിട്ടില്ല. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന കേസ് അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് കേസിന് അനുകൂല നിലപാടാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
അക്രമം നടന്ന അന്ന് തന്നെ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവർ കേസിൽ മുഖ്യപങ്ക് വഹിച്ചവർ തന്നെയാണെന്നും സച്ചിൻദേവ് പറഞ്ഞു. 
തുടക്കത്തിൽ തന്നെ പോലീസിന് അക്രമികളെ കണ്ടെത്താൻ സാധിച്ചത് വിലകുറച്ച് കാണാൻ എസ്എഫ്‌ഐ തയ്യാറല്ല. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഓഫീസുകളിലും ക്യാമ്പുകളിലും പോലീസ് പരിശോധന നടത്തുന്നതും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. 
പാർട്ടി ഓഫീസുകളിൽ കയറി പോലീസ് പരിശോധന നടത്തുന്നത് അന്വേഷണം ശരിയായി മുന്നോട്ട് നീങ്ങുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസന്വേഷണത്തെ മുരടിപ്പിക്കാൻ എസ്എഫ്‌ഐക്ക് താൽപര്യമില്ല. കേസന്വേഷണത്തിൻെറ കാര്യത്തിൽ ഇപ്പോൾ സംശയം പ്രകടിപ്പിച്ചാൽ അത് പ്രതികൂലമായി ബാധിക്കുമെന്നും സച്ചിൻദേവ് പറഞ്ഞു. 
 

Latest News