Sorry, you need to enable JavaScript to visit this website.

നാലു വർഷം കോമയിലായിരുന്ന യുവാവ് ബോധം വീണ്ടെടുത്തപ്പോൾ ഞെട്ടി, സൗദിയിലെ മാറ്റങ്ങൾ ഞെട്ടിക്കുന്നത്

ഫാരിസ് അബൂബത്‌നൈൻ

ജിദ്ദ - സമീപ കാലത്ത് രാജ്യത്തുണ്ടായ മാറ്റങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് നാലു വർഷക്കാലം കോമയിലായിരുന്ന സൗദി യുവാവ് ഫാരിസ് അബൂബത്‌നൈൻ പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റാണ് നാലു വർഷത്തിലേറെ കോമയിലായതെന്ന് ഫാരിസ് പറഞ്ഞു. ബോധം വീണ്ടുകിട്ടിയതോടെ രാജ്യത്തുണ്ടായ സംഭവവികാസങ്ങൾ തന്നെ ഞെട്ടിച്ചു. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതിയാണ് സാമൂഹിക തലത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം. കൊറോണ മഹാമാരിയിൽ രാജ്യവും ലോകവും നിശ്ചലമായതായും അറിയാൻ കഴിഞ്ഞു. 
ഹിജ്‌റ 1441 ൽ ആണ് തനിക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്. തനിക്കൊപ്പം കാറിൽ രണ്ടു സുഹൃത്തുകൾ കൂടിയുണ്ടായിരുന്നു. തങ്ങൾ സഞ്ചരിച്ച കാർ റോഡിൽ അലഞ്ഞുനടക്കുകയായിരുന്ന ഒട്ടകത്തിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടു കൂട്ടുകാരും മരണപ്പെട്ടു. തനിക്ക് ദൈവം പുതിയ ജീവിതം വിധിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ തനിക്ക് ഒമ്പതു ശതമാനം ജീവൻ മാത്രമാണുണ്ടായിരുന്നത്. നാലു വർഷക്കാലം താൻ കോമയിലായിരുന്നു. 
നാലു മാസം മുമ്പ് ശഅ്ബാൻ 28 ന് ആണ് തനിക്ക് കുറേശ്ശെയായി ബോധം വീണ്ടുകിട്ടാൻ തുടങ്ങിയത്. ബോധം പൂർണമായി വീണ്ടുകിട്ടിയതോടെ താൻ വിശുദ്ധ മുസ്ഹഫ് ആവശ്യപ്പെടുകയും ഖുർആൻ ഒരു തവണ പൂർണമായും പാരായണം ചെയ്ത് പൂർത്തിയാക്കുകയും ചെയ്തു. നാലു വർഷത്തിനിടെ രാജ്യം ഏറെ മാറിയതായി താൻ കണ്ടു. വനിതകൾ കാറോടിക്കുന്നു. വലിയ നഗരവികസനങ്ങളുണ്ടായി. സൗദി പൗരന്മാർ ബഹിരാകാശ യാത്ര നടത്തുന്നു. കൊറോണ മഹാമാരി ലോകത്തെ നിശ്ചലമാക്കിയതായും അറിയാൻ കഴിഞ്ഞു. ഇത്തരമൊരു മഹാമാരി പ്രത്യക്ഷപ്പെടുമെന്ന് ഒരിക്കലും സങ്കൽപിച്ചതല്ല. 
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് താൻ ആശുപത്രിയിലായതോടെ ഭാര്യ ജോലിക്ക് പോകാൻ തുടങ്ങി. പരിക്കുകൾ ഭേദമായി താൻ ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തുന്നതു വരെയുള്ള കാലത്ത് മക്കളെ പോറ്റുന്നതിന്റെ ഉത്തരവാദിത്തം ഭാര്യ വഹിച്ചു. ഭാര്യയുമായും മക്കളുമായും വീണ്ടും ഒരുമിച്ചു ജീവിക്കാൻ സാധിച്ചതിൽ സർവശക്തനെ സ്തുതിക്കുകയാണെന്നും ഫാരിസ് അബൂബത്‌നൈൻ പറഞ്ഞു.

Latest News