തലശ്ശേരി - പിണറായി കൂട്ടക്കൊലക്കേസിൽ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ പ്രതിയായ സൗമ്യയുടെ ബന്ധുക്കൾ രംഗത്തെത്തി. കൊലപാതകത്തിൽ സൗമ്യക്ക് പ്രചോദനമായവരെ കൂടി കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗമ്യയുടെ ബന്ധുക്കൾ തലശ്ശേരി എ.എസ്.പിക്ക് പരാതി നൽകി.
കൂട്ടക്കൊലക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചെങ്കിലും അന്വേഷണം സ്തംഭിച്ച മട്ടിലാണിപ്പോൾ .കൂടുതൽ തെളിവുകൾ അടങ്ങിയ തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള 32 ജി.ബി പെൻഡ്രൈവ് അന്വേഷണ സംഘത്തിന് അടുത്തിടെ ലഭിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൗമ്യയുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ മനസിലായെന്ന് സംശയം ഉയർന്നിരുന്നു.
അച്ഛനും അമ്മയും മകളുമുൾപ്പെടെ സ്വന്തം വീട്ടിലെ മൂന്ന് പേരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി സൗമ്യ (28)യുടെ അഞ്ച് മൊബൈൽ ഫോൺ സംഭാഷണങ്ങളും അയച്ച സന്ദേശങ്ങളും വോയ്‌സ് മെസേജുകളുമടക്കം 32 ജിബി പെൻഡ്രൈവാണ് ഫോറൻസിക് വിദഗ്ധർ പോലീസിന് കൈമാറിയിരുന്നത്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുൾപ്പെടെ ഒരു മാസത്തെ പരിശ്രമഫലമായാണ് ഫോറൻസിക് സംഘം കണ്ടെടുത്തത്. സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി അന്യസംസ്ഥാനത്തെ മദ്യ മുതലാളിയുൾപ്പെടെയുള്ളവരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. സൗമ്യയുമായ് അടുത്ത ബന്ധം പുലർത്തി വന്ന നിരവധി പേരെ ദിവസങ്ങളോളം പോലീസ് സ്‌റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
സൗമ്യ അറസ്റ്റിലാകുന്നതിന് ഒരു മാസ കാലം ഇടപാടുകാരുമായ് മൊബൈൽ ഫോണിൽ നിന്ന് കോളുകളൊന്നും ചെയ്യാതെ സന്ദേശങ്ങൾ അയക്കുക മാത്രമാണ് ചെയ്തത്.സൗമ്യയുമായ് നിട്ടൂർ, തലശ്ശേരി, ഇരിട്ടി, പറശ്ശിനിക്കടവ് ,പിണറായി എന്നിവിടങ്ങളിലെ നിരവധി യുവാക്കൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതാണ് സൗമ്യയുടെ ബന്ധുക്കളും ലോക്കൽ പോലീസ് സംഭവത്തെ ലഘൂകരിക്കുകയാണെന്നും കൊലപാതകത്തിന് പിന്നിൽ ആരൊക്കെയോയുണ്ടെന്നും പരാതിപ്പെടുന്നത്.
പറശ്ശനിക്കടവിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് സൗമ്യ ഇടപാട് നടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ പൊലിസ് കണ്ടെത്തിയിരുന്നു.
സൗമ്യയുടെ നാല് കാമുകൻമാരെ പൊലിസ് സംഘം ദിവസങ്ങളോളം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.സൗമ്യയെ സെക്‌സ് റാക്കറ്റുമായ് ബന്ധപ്പെടുത്തിയ ഇരിട്ടി സ്വദേശിനിയായ യുവതിയെക്കുറിച്ചും പൊലിസും അന്വേഷണം നടത്തിയിരുന്നു.കേസിൽ ഇതു വരെ 50 സാക്ഷികളുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിന്നുള്ള ചികിത്സാ രേഖകളും 25 തൊണ്ടി മുതലുകളും അന്വേഷണ സംഘം ശേഖരിച്ചു. തന്റെ അവിഹിത ബന്ധത്തിന് സൗകര്യമൊരുക്കാനായി
മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്നാണ് സൗമ്യ പൊലിസിന് കുറ്റസമ്മത മൊഴി നൽകിയിരുന്നത്.
മാതാപിതാക്കളെ ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. പിറ്റേന്നാൾ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്യിച്ചുവെങ്കിലും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലിസ് അപേക്ഷിച്ചതിനെ തുടർന്ന് നാല് ദിവസത്തേക്ക് അന്ന് തന്നെ കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു.
തെളിവെടുപ്പിന് ശേഷം വീണ്ടും റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകൾ ഐശ്വര്യയെ (8) കൊല ചെയ്ത കേസിൽ തെളിവെടുപ്പിനായി വിട്ടുനൽകണമെന്ന തലശ്ശേരി പോലീസിന്റെ അപേക്ഷയിൽ കണ്ണൂർ കോടതി വിട്ടു നൽകിയിരുന്നു.ഇതോടെയാണ് ഐശ്വര്യയെയും പ്രതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
സൗമ്യയുടെ പിതാവ് പടന്നക്കര കല്ലട്ടി വണ്ണത്താൻകണ്ടി വീട്ടിൽ കുഞ്ഞിക്കണ്ണൻ(78),മാതാവ് കമല(65) മകൾ ഐശ്വര്യ(8)എന്നിവരെയാണ് കൊലപ്പെടുത്തിയിരുന്നത്. 2018 ജനുവരി 13നാണ് ഐശ്വര്യ മരണപ്പെടുന്നത്. മാർച്ച് എട്ടിന് വയറ് വേദനയും മറ്റുമായ് ആശുപത്രിയിലെത്തിച്ചയുടനെ മരണപ്പെടുകയായിരുന്നു. ഏപ്രിൽ 13 നാണ് കുഞ്ഞിക്കണ്ണൻ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരിച്ചത്. സംശയത്തെ തുടർന്ന് നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. തുടർന്ന് പത്ര വാർത്തയായതോടെ പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ സൗമ്യയും വയറ് വേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പൊലിസ് പ്രതിയെ ആശുപത്രിയിൽ വെച്ച് തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.
എട്ട് സിം കാർഡുകൾ ഉപയോഗിച്ചിരുന്ന സൗമ്യക്ക് അഞ്ച് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. ഓരോ കാമുകൻമാരെ വിളിക്കാനും ഓരോ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. വഴിവിട്ട് നടക്കാൻ വേണ്ടിയാണ് വീട്ടുകാരെയും മകളെയും കൊലപ്പെടുത്തിയതെന്ന് യുവതി പൊലിസിന് മൊഴി നൽകിയിരുന്നു.
2012 സെപ്തംബർ 9ന് സൗമ്യയുടെ ഇളയ മകൾ കീർത്തന (ഒന്നര) മരണപ്പെട്ടിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതിയുയർന്നിരുന്നു. എന്നാൽ പൊലിസ് അന്വേഷണത്തിൽ വലിവിന്റെ അസുഖം ഉണ്ടായിരുന്ന കീർത്തന അസുഖത്തെ തുടർന്ന് തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. ആസൂത്രിതമായി മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യ ഛർദ്ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇവിടെ വെച്ചാണ് പോലീസ് സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. തലശ്ശേരി റസ്റ്റ് ഹൗസിൽ വെച്ച് പത്ത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തപ്പോഴാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിരുന്നത്.