അബഹ- വിനോദ സഞ്ചാര മേഖലയായ അബഹയിലെ അൽ സൂദ മലമുകളിൽ തീയിട്ട എട്ടു പേരെ കസ്റ്റഡിയിലെടുത്തതായി സൗദി പ്രകൃതി സംരക്ഷണ സേന അറിയിച്ചു. സൗദിക്കകത്തു നിന്നും അയൽ രാജ്യങ്ങളിൽ നിന്നുമായി ചൂടുകാലങ്ങളിൽ ആയിക്കണക്കിനാളുകാണ് തണുപ്പു തേടി അബഹയിലെത്താറുള്ളത്. നഗരത്തിനടത്തു തന്നെയുള്ള മനോഹരമായ മലയാണ് അൽ സൂദ പർവ്വതം. സൗദിയിലെ ഏറ്റവും ഉയർന്ന കൊടുമുടിയും ഇതു തന്നെയാണ്. മലമുകളിലെ പുൽമേടുകളിലാണ് സന്ദർശകരിൽ ചിലർ തീയിട്ടത്. പുതിയ പ്രകൃതി സംരക്ഷണ നിയമ പ്രകാരം പാർക്കുകളിലും പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങളിലും തീ കത്തിക്കുന്നത് 3000 റിയാൽ പിഴയിടുന്ന കുറ്റകൃത്യമാണ്.