തിരുവനന്തപുരം - മന്ത്രി വി.ശിവന്‍കുട്ടി അടക്കം പ്രതിയായ നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം സി ജെ എം കോടതി ഉപാധികളോടെ അനുമതി നല്‍കി. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കേസിന്റെ വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടരനന്വേഷണത്തിലൂടെ കിട്ടുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂവെന്ന് കോടതി ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം ഹര്‍ജിയില്‍ നിന്ന് മാറ്റാമെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് തുടരന്വേഷണത്തിന് കോടതി ഉപോധികളോടെ അനുമതി നല്‍കിയത്.