Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും വലിയ കള്ളനാകണം, എവറസ്റ്റ് കയറണം, ഉമാപ്രസാദ് ലക്ഷ്യമിട്ടത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരും - മറ്റെല്ലാ കള്ളന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ കള്ളനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിടിയാലായ വിമാനത്തില്‍ പറന്ന് നടന്ന് മോഷണം നടത്തുന്ന തെലങ്കാന സ്വദേശി സംപതി ഉമാപ്രസാദ്. ലോകത്തിലെ ഏറ്റവും വലിയ കള്ളനാകുകയെന്ന ആഗ്രഹമാണ് ഉമാപ്രസാദിനുള്ളത്. അതിനൊപ്പം തന്നെ എവറസ്റ്റ് കീഴടക്കണമെന്ന അടങ്ങാത്ത മോഹവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികളുടെ നിധിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഉമാപ്രസാദിനെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ഈ വിധി മോഷ്ടിച്ച് ലോകത്തെ എറ്റവും വലിയ കള്ളനാകാണമെന്നാണ് അയാള്‍ ആഗ്രഹിച്ചത്. അതിനായി കാത്തിരിക്കാന്‍ തയ്യാറായിരുന്നു. ഇതിന്റെ ആദ്യ പടിയാണ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തി വിവിധയിടങ്ങളില്‍ മോഷണം നടത്തിയതിന് ശേഷം വിമാനത്തില്‍ തന്നെ തെലങ്കാനയിലേക്ക് മടങ്ങിയിരുന്നത്. 

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കാണാനെത്തി ഇവിടെ താമസിച്ച് നഗരം കണ്ട് മോഷണവും നടത്തി ആദ്യ തവണ തിരികെപ്പോയതും ആ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ അനന്തപുരിയിലെ ഓരോ മുക്കും മൂലയും സംപതി കണ്ടുവച്ച് തിരികെ പോയെങ്കിലുൃം രണ്ടാം വരവില്‍ പണിപാളുകയായിരുന്നു. വിമാനത്താവളത്തില്‍ വച്ചുതന്നെ സംപതി ഉമാപ്രസാദ് പൊലീസ് പിടിയിലാകുകയും ചെയ്തു. ഒരുപാട് വലിയ ലക്ഷ്യങ്ങള്‍ മനസ്സിലുള്ള വ്യക്തിയായിരുന്നു ഉമാപ്രസാദ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ ഉമാപ്രസാദ് പാരമ്പര്യ കര്‍ഷക കുടുംബാംഗമാണ്. നിലവില്‍ പ്രായം 23 വയസ്സാണ്. കുട്ടിക്കാലത്തുതന്നെ മോഷണത്തിനോട് പ്രത്യേക അഭിനിവേശം സംപതിക്ക് തോന്നിത്തുടങ്ങിയിരുന്നു. പതിനാലാം വയസ്സില്‍ മോഷണം നടത്തിയതിന് പൊലീസ് പിടിയിലായി. എന്നാല്‍ ജുവനൈല്‍ ഹോമില്‍ നിന്നിറങ്ങി സുഹൃത്തുക്കളുമായി ചേര്‍ന്ന് വീണ്ടും മോഷണം തുടരുകയായിരുന്നു ഉമാപ്രസാദിനെതിരെയുള്ള കേസുകള്‍ വര്‍ദ്ധിച്ചുവന്നു. ഇതോടെ വിദ്യാര്‍ഥിയായ സംപതിയുടെ സംരക്ഷണം പ്രദേശത്തെ പോലീസ് ഓഫീസര്‍ ഏറ്റെടുക്കുകയായിരുന്നു. സംപതിയെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനായിരുന്നു പൊലീസ് ഓഫീസറുടെ തീരുമാനം.  സൈന്യത്തില്‍ ചേരാനുള്ള പരിശീലനത്തിനായും സംപതിയെ അയച്ചു. സംപതിക്കും സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 

ഇതിനിടെ അഗ്നിവീര്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ തനിക്ക് ഇനി പട്ടാളക്കാരനാകാന്‍ കഴിയില്ലെന്ന് സംപതിക്ക് മനസ്സിലായി. പട്ടാളക്കാരനാകണമെന്ന ആഗ്രഹം ഉപേക്ഷിച്ച് ഇയാള്‍ നാടുവിട്ടു. മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമടങ്ങുന്നതാണ് സംപതിയുടെ കുടുംബം. ഈ കുടുംബത്തെ ഉപേക്ഷിച്ച് മോഷണവും സഞ്ചാരവുമായി കൂട്ടുകാരോടൊപ്പം കൂടുകയായിരുന്നു ഇയാള്‍. അതിനിടയിലാണ് എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹം മനസ്സില്‍ കയറിയത്. പര്‍വതാരോഹണവും സാഹസികതയും ഇഷ്ടപ്പെട്ടിരുന്ന സംപതിയുടെ പിന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ എവറസ്റ്റ് കീഴടക്കുന്നത് സംബന്ധിച്ചായി. ഇതിനുള്ള പണം കണ്ടെത്തുന്നതിനായാണ് വലിയ മോഷണങ്ങള്‍ നടത്താനാരംഭിച്ചത്. ചെറിയ മോഷണങ്ങളോട് താല്‍പര്യമില്ലാത്ത സംപതി തെലങ്കാനയിലെ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടിലാണ് ആദ്യ വലിയ മോഷണം നടത്തിയത്. ഒരു കിലോ സ്വര്‍ണമാണ് ഇവിടെ നിന്ന്  ജനുവരിയില്‍ മോഷ്ടിച്ചത്. ഈ കേസില്‍ പോലീസിന്റെ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് ജയിലിലായി. ഈ സമയത്താണ് തിരുവനന്തപുരം പദ്മനാഭ സ്വാമീക്ഷേത്രത്തിലെ നിധി ശേഖരത്തെ കുറിച്ച് സംപതി ഉമാപ്രസാദ് കേള്‍ക്കുന്നത്. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സംപതിയുടെ മനസ്സില്‍ പദ്മനാഭ സ്വാമീക്ഷേത്രം നിറഞ്ഞു നിന്നു. അങ്ങനെയാണ് സംപതി ഉമാപ്രസാദ് തിരുവനന്തപുരത്ത് എത്തുന്നത്. ജൂണ്‍ അഞ്ചിന് രണ്ടാം തവണ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തി നേരത്തെ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ മുറിയെടുത്തു. മോഷണം നടത്തേണ്ട വീടുകള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് നോക്കുവെച്ചു. ഈ വീടിനടുത്തുള്ള ക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ഗൂഗിള്‍ വഴി കണ്ടെത്തി പ്രദേശത്തേയ്ക്കുള്ള വഴികളും മറ്റ് അടയാളങ്ങളും മനസ്സിലാക്കി..ജനല്‍ക്കമ്പികള്‍ മുറിച്ച് വീടുകള്‍ക്കുള്ളില്‍ കയറാനായിരുന്നു തീരുമാനം. എന്നാല്‍, തെലങ്കാനയിലേക്കാള്‍ വലിയ ജനലുകള്‍ ഇവിടത്തെ വീടുകളിലുള്ളത് തടസ്സമായി. ജനല്‍ മുറിച്ചുമാറ്റാനുള്ള ആയുധങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റ് വഴി വാങ്ങി. താമസിച്ചിരുന്ന ഹോട്ടലിലെ ജനല്‍ക്കമ്പി തന്നെ മുറിച്ചുമാറ്റി പരീക്ഷണം നടത്തി. രാത്രിയില്‍ മോഷണം നടത്തിയ വീടിനടുത്തുള്ള ക്ഷേത്രങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ ഓട്ടോറിക്ഷയിലെത്തിയശേഷം വീടുകളില്‍ നടന്നെത്തിയായിരുന്നു മോഷണം. ഇത്തവണത്തെ മോഷണം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ സ്ഥലത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ച ഇയാളുടെ ദൃശ്യങ്ങള്‍ പോലീസ് പലരെയും കാണിച്ചിരുന്നു. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍മാരാണ് ഇയാളെ തിരിച്ചറിഞ്ഞതും പോലീസിന് വിവരങ്ങള്‍ നല്‍കിയതും. ഇതാണ് ഇയാളെ  പിടികൂടാന്‍ സഹായകമായത്.

 

 

Latest News