ഹായിൽ- സൗദിയിലെ മിക്ക പ്രദേശങ്ങളിലുമിപ്പോൾ കഠിന ചൂടാണ്. സൗദിയിലെ ഹായിൽ പ്രവിശ്യയിലെ ഇമാം തുർക്കി വൈൽഡ് ലൈഫ് റിസേർവ് ഏരിയയിൽ കൊടും ചൂടിൽ ആഴക്കിണറുകളിൽ അഭയം തേടിയ പക്ഷികളുടെ ചിത്രം നിരീക്ഷണ ഡ്രോണുകളുപയോഗിച്ച് പകർത്തിയത് കൗതുക കാഴ്ചയായി. ഇമാം തുർക്കി വന്യജീവി സങ്കേതത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അടുത്തിടെ നാൽപതോളം ഡ്രോണുകൾ കർമ്മ രംഗത്തേക്കിറക്കിയതായി വൈൽഡ് ലൈഫ് റിസർവ് ഏരിയ അതോറിറ്റി അറിയിച്ചിരുന്നു. ആദ്യ കാലത്ത് തൈസിയ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മേഖലയാണ് 2022 ൽ ഇമാം തുർക്കി ബിൻ അബ്ദുല്ല വന്യജീവി പരിസ്ഥിതി മേഖല എന്നു നാമകരണം ചെയ്ത് പുതുതായി രൂപീകരിച്ച അതോറിറ്റിയെ ഏൽപിച്ചത്. അമ്പതിലധികം അപൂർവ്വയിനം മരങ്ങൾ, വിവിധയിനം പക്ഷികൾ തുടങ്ങിയവ ഈ വന്യജീവി സങ്കേതത്തിന്റെ പ്രത്യേകതയാണ്. ഉച്ചക്ക് 2 മണിയോടെ പകർത്തിയ ചിത്രങ്ങൾ 41 ഡിഗ്രി ചൂടിൽ 32 താഴ്ചയുള്ള കിണറുകളിൽ കല്ലുകളുടെ മറവുകളിൽ ഒളിഞ്ഞിരിക്കുന്ന മൂന്നു പക്ഷികളുടേതാണ്.