തിരുവനന്തപുരം - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. നിയമസഭ പാസാക്കിയ ചില സുപ്രധാന ബില്ലുകളില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണ്ണര്‍ ഒപ്പിടുകയോ ഇതില്‍ എന്തെങ്കിലും പിശകുകകള്‍ കണ്ടെത്തി തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചുവെയ്ക്കുന്നത് വലിയ രീതിയിലുള്ള ഭരണ തടസത്തിന് കാരണമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലുള്ള പോരാണ് ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെയ്ക്കുന്നതിന് കാരണമായിട്ടുള്ളത്. ബില്ലുകളില്‍ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകള്‍ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.