Sorry, you need to enable JavaScript to visit this website.

കാലവർഷം അതിതീവ്രം; സംസ്ഥാനത്ത് എട്ടു മരണം, 11 ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരുവനന്തപുരം - സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ എട്ടുപേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജൂൺ ഒന്നുമുതൽ ഇതുവരെയുള്ള കണക്കാണിത്. മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകൾ പൂർണമായും അതിന്റെ പതിൻമടങ്ങ് ഭാഗികമായും തകർന്നു. കൃഷിനാശവും വ്യാപകമാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന് അടിയിലായതിനാൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
  കാലവർഷം അതിതീവ്രമായി മാറിയതിനെത്തുടർന്ന് വ്യാഴാഴ്ച 11 ജില്ലകളിൽ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.
 വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും പകലിലും രാത്രിയിലും ശക്തമായതോ ഇടവിട്ട് ശക്തമായതോ ആയ മഴയാണ് ലഭിച്ചത്. 
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും 07-07-2023 മുതൽ 09-07-2023 വരെ വടക്കൻ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് വിവരം. മത്സ്യതൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News