ഇടുക്കി- വിവിധ ജില്ലകളിലെ ഉദ്യോഗാര്‍ഥികളില്‍ നിന്നും കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇസ്രായേല്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ കേസില്‍ വനിത അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. മുന്നൂറോളം പേരില്‍ നിന്ന് നാലുകോടിയോളം തട്ടിയ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ മുരിക്കാശേരി മാളിയേക്കല്‍ ഹെണോ ലെനിന്‍(38), സ്ഥാപനത്തിന്റെ ഏജന്റ് പതിനാറാംകണ്ടം പുന്നംതടത്തില്‍ ഷിജോമോന്‍(40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മുരിക്കാശ്ശേരി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസോണ്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. വിസ നല്‍കാമെന്നും പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് രണ്ടുലക്ഷം മുതല്‍ 12 ലക്ഷം വരെ വാങ്ങിയെന്നാണ് കേസ്.
വിസ കിട്ടാതായവര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് തോപ്രാംകുടി സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കി. അന്വേഷണ സംഘത്തില്‍ മുരിക്കാശേരി എസ്എച്ച്ഒ റോയ് എന്‍ എസ്, എസ്ഐ സാബു തോമസ്, ഉദ്യോഗസ്ഥരായ ജോര്‍ജ് കുട്ടി, കെ ആര്‍ അനീഷ്, ശ്രീജിത്ത് ശ്രീകുമാര്‍, ജയേഷ് ഗോപി, എല്‍ദോസ്, സംഗീത എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.