മനാമ- ബഹ്‌റൈനിലേക്ക് അരലക്ഷം ദിനാര്‍ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ പിടിയിലായ യാത്രക്കാരനെ ഒരു മാസം തടവിന് ശിക്ഷിച്ചു. അതിനുശേഷം ഇയാളെ ആജീവനാന്തം നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടികൂടിയ തുക കണ്ടുകെട്ടാനും ഉത്തരവായി.
വസ്ത്രങ്ങളിലും തേയില പെട്ടികളിലും ഒളിപ്പിച്ച് 50,000 ബഹ്‌റൈന്‍ ദിനാര്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയാണ് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് പിടികൂടിയിരുന്നത്. കൈവശമുണ്ടായിരുന്ന പണം വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.
അറബ് പൗരത്വമുള്ള പ്രതി പണം കടത്താന്‍ ശ്രമിക്കുന്നതായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നല്‍കിയ സൂചനയെ തുടര്‍ന്നാണ് കസ്റ്റംസ് ഇയാളെ പരിശോധിച്ചത്. വസ്ത്രങ്ങളുടെ മടക്കുകള്‍ക്കിടയിലും തേയില പെട്ടികള്‍ക്കുള്ളിലുമാണ് പണം ഒളിപ്പിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.